യുപിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ മതന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയിലാണ്. അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ സര്‍ക്കാരിന്റെ സമസ്ത മേഖലകളിലും ഹൈന്ദവ വത്കരണം നടപ്പാക്കി തുടങ്ങിയിരിക്കുകയുമാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു തുടങ്ങി ഗോ സംരക്ഷണപ്രവര്‍ത്തനവും മാംസ നിരോധനവും അടക്കമുള്ളവ മുന്നോട്ടു വയ്ക്കുന്ന യോഗി സര്‍ക്കാര്‍ ഇപ്പോള്‍ ആശുപത്രികളെയാണ് കടന്നു പിടിച്ചിരിക്കുന്നത്. ആശുപത്രികളില്‍ എല്ലാ ദിവസവും മാറി മാറി വിരിക്കുന്ന ബെഡ്ഷീറ്റുകല് ഹിന്ദു ദൈവങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ആദ്യഘട്ടമായി മീററ്റിലെ പി.എല്‍ ശര്‍മ ജില്ലാ ആശുപത്രിയില്‍ ഇനി മുതല്‍ രോഗികള്‍ കിടക്കുക ‘ഹിന്ദു’ ബെഡ് ഷീറ്റിലാവും.
എഴു വ്യത്യസ്ത നിറങ്ങളിലുള്ള ബെഡ്ഷീറ്റാണ് ഹിന്ദു ബെഡ്ഷീറ്റ് എന്ന പേരില്‍ ദൈവങ്ങളുമായി ബന്ധപ്പെടുത്തി ആശുപത്രിയില്‍ ഉപയോഗിക്കുക. ആഴ്ചയിലെ ഓരോ ദിവസവും ഓരോ ഹിന്ദു ദൈവത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപെയിന്റെ ഭാഗമായി മഴവില്‍ നിറങ്ങള്‍ അനുസരിച്ചുള്ള ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ‘ഓപ്പറേഷന് ഇന്ദ്രധനുഷ്’ എന്ന് പേരിട്ട ഈ പദ്ധതിയെയാണ് പി.എല്‍ ശര്‍മ ആശുപത്രി അധികൃതര്‍ ദൈവങ്ങളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നത്. രോഗികളെ ഓരോ ഹിന്ദു ദൈവങ്ങളെ ഓര്‍മ്മിപ്പിക്കാനാണ് വ്യത്യസ്ത നിറം ഉപയോഗിക്കുക. തിങ്കളാഴ്ച വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റാണ് ഉപയോഗിക്കുക, ശിവനുമായി ബന്ധപ്പെട്ട നിറമാണ് വെള്ള. ചൊവ്വാഴ്ച ഓറഞ്ച് ബെഡ്ഷീറ്റാണ് ഉണ്ടാവുക ഇത് ബജ്റംഗ് ബലി ഹനുമാനുമായി ബന്ധപ്പെട്ട നിറമാണ്.
ബുധനാഴ്ച ബുദ്ധനെയാകും രോഗികളെ ഓര്‍മ്മപ്പെടുത്തുക പച്ച നിറത്തിലുള്ള ബെഡ്ഷീറ്റാണ് ഇതിനായി വിരിക്കുക. വ്യാഴാഴ്ച മഞ്ഞ നിറമാണ് ഉപയോഗിക്കുന്നത് ഇത് സായിബാബയെ പ്രതിനിധീകരിക്കുന്നതാണ്. ശനിദേവന്റെ നീല നിറത്തിലുള്ള ബെഡ്ഷീറ്റാണ് ശനിയാഴ്ചയ്ക്ക് നല്‍കിയിരിക്കുന്നത്. പര്‍പ്പിള്‍, പിങ്ക് നിറങ്ങളാണ് വെള്ളിയാഴ്ചക്കും ഞായറാഴ്ചക്കും വേണ്ടി മാറ്റിവെച്ചിട്ടുള്ളത്. ‘സ്വച്ഛ് ഭാരത് ക്യാംപെയിന്റെ കായക് കല്പ് പദ്ധതിക്കുകീഴിലുള്ള ഓപ്പറേഷന് ഇന്ദ്രധനുസ് പറയുന്നത് ആഴ്ചയിലെ ഏഴുദിവസങ്ങളില്‍ വ്യത്യസ്ത നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കണമെന്നാണ്. എന്നാല്‍ മഴവില്‍ നിറങ്ങള്‍ പിന്തുടരാതെ ഓരോ നിറത്തിലുള്ള ബെഡ്ഷീറ്റിനെയും ഓരോ ദൈവങ്ങളുമായി ബന്ധപ്പെടുത്തി വിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പികെ ബന്‍സാല്‍ പറഞ്ഞു. 12 ലക്ഷം രൂപ ചെലവഴിച്ച് 4,900 ബെഡ്ഷീറ്റുകള്‍ ആശുപത്രി ഇതിനോടകം വാങ്ങിക്കഴിഞ്ഞു.