അമൃത്സർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ മൂന്നു കൂട്ടാളികൾ അറസ്റ്റിൽ. പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്നു ഡിജിപി പറഞ്ഞു. പഞ്ചാബിലെ ബാനൂരിലെ കലോളിയ സ്വദേശി ഗുജ്ജർ എന്ന അമൃതപാൽ സിംഗ്, ബാനൂരിലെ ദേവിനഗർ അബ്രവ സ്വദേശി കമൽപ്രീത് സിംഗ്, ദേരാ ബസിയിലെ അമ്രാല സ്വദേശി പ്രേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ആന്റി ഗ്യാംഗ്സ്റ്റർ ടാസ്ക് ഫോഴ്സിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പോലീസുമായി ചേർന്ന് പോലീസ് സംഘങ്ങൾ ബിഹാറിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രാമധ്യേ ഇവരെ പിന്തുടരുകയും ലോക്കൽ പോലീസിന്റെ സഹായത്തോടെ ഗോരഖ്പുർ റെയിൽവേ സ്റ്റേഷനിൽവച്ച് പിടികൂടുകയുമായിരുന്നു. പഞ്ചാബിൽ കൊലപാതകശ്രമം, പിടിച്ചുപറി, കവർച്ച, ആയുധനിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ ഇവർക്കെതിരേയുണ്ട്.