ഹത്രാസ്: ഉത്തര്‍പ്രദേശില്‍ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹത്രാസ് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഗൗരവ് ശര്‍മ എന്നയാളാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയത്. 2018ല്‍ പീഡനക്കേസില്‍ ഗൗരവ് ശര്‍മ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച് ഇയാള്‍ പുറത്തിറങ്ങി.
തിങ്കളാഴ്ച വൈകുന്നേരം ഗൗരവ് ശര്‍മയുടെ ഭാര്യയും ഒരു ബന്ധുവും വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ പോയിരുന്നു. ഈ സമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും ഗൗരവ് ശര്‍മയും പ്രശ്നത്തില്‍ ഇടപെടുന്നത്. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് പ്രകോപിതനായ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ അച്ഛന് നേരെ വെടിവച്ചു.
ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഗൗരവ് ശര്‍മയുടെ ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.