ആ പേര് വിളിക്കാന്‍ വ്യക്തമായ ചില കാരണങ്ങളുണ്ട്! രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നതെന്തുകൊണ്ടാണെന്ന് വിശദമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ കളിയാക്കാനുള്ള ഒരു അവസരവും എതിരാളികള്‍ കളഞ്ഞുകുളിയ്ക്കാറില്ല. അമുല്‍ ബേബി, പാല്‍ക്കുപ്പി തുടങ്ങി പപ്പു വരെയുള്ള അദ്ദേഹത്തിന്റെ പേരുകള്‍ തന്നെ ഇതിനുദാഹരണം. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങളുടെ നേതാവിന് ഇത്തരത്തിലുള്ള പേരുകള്‍ വീണത് എന്ന് രാഹുല്‍ അനുയായികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഈയവസരത്തിലാണ് രാഹുല്‍ ഗാന്ധിയെ എന്തുകൊണ്ടാണ് തങ്ങള്‍ പപ്പു എന്ന് വിശേഷിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെ പപ്പു എന്ന് വിശേഷിപ്പിക്കാന്‍ കാരണമുണ്ടെന്ന് യോഗി ആദിത്യനാഥ് രാഹുലിനെ പരിഹസിച്ചത്.

പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ തന്നെയാണ് പ്രധാന കാരണമെന്നാണ് യോഗി പറയുന്നത്. രാഹുല്‍ എവിടെയൊക്കെ പ്രചരണം നടത്തുന്നോ അവിടെയൊക്കെ കോണ്‍ഗ്രസ് പരാജയപ്പെടുന്ന കാഴ്ചയാണുള്ളത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ സംസ്ഥാനത്ത് ത്രിദിന സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വല്‍സാദില്‍ നടന്ന പ്രചരണ റാലിയിലും രാഹുലിനെതിരെ യോഗി ആഞ്ഞടിച്ചു. അമിത് ഷാ ഗുജറാത്തിലെത്തുമ്പോള്‍ രാഹുല്‍ ഇറ്റലിയിലേയ്ക്ക് പറക്കും. പിന്നെ ഗുജറാത്തിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. 14 വര്‍ഷം അമേത്തി ഭരിച്ചിട്ടും അവിടെയൊരു കളക്ടറേറ്റ് കെട്ടിടം പോലും രാഹുല്‍ നിര്‍മ്മിച്ചില്ല. ഈ രാഹുല്‍ ഗുജറാത്തിനുവേണ്ടി എന്തു വികസനം കൊണ്ടു വരുമെന്നാണ് പറയുന്നതെന്നും യോഗി ചോദിച്ചു. ഗംഭീര അഭിപ്രായപ്രകടനങ്ങള്‍ നടത്തി രാഹുല്‍ തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് തിരിച്ചടി പോലെ യോഗിയുടെ ഈ അഭിപ്രായപ്രകടനങ്ങള്‍. 2030 ഓടെ ഗുജറാത്തിനെ ചന്ദ്രനിലെത്തിക്കാമെന്നുവരെ നരേന്ദ്രമോദി വാഗ്ദാനം ചെയ്യും എന്നാണ് രാഹുല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവന.

 

Related posts