ലക്നോ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മർദിച്ചുകൊലപ്പെടുത്തി. മുസാഫർനഗർ ജില്ലയിലെ ഖതൗലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജസോല ഗ്രാമത്തിലാണു സംഭവം.
ഇരുപത്തിയൊന്നുകാരനായ അങ്കിത് ആണ് കൊല്ലപ്പെട്ടത്. പ്രണയത്തിന്റെ പേരിൽ അങ്കിതിനെ ഞായറാഴ്ച വൈകുന്നേരം മുതൽ ബന്ദിയാക്കുകയായിരുന്നുവെന്ന് അങ്കിതിന്റെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഗുരുതര പരിക്കേറ്റ നിലയിലാണ് അങ്കിതിനെ പോലീസ് കണ്ടെത്തുന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവ് മരിച്ചിരുന്നു.
പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം, പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.