ഗോരഖ്പുർ: പ്രാണവായു ലഭിക്കാതെ ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ 72 കുട്ടികൾ മരിച്ച സംഭവത്തിൽ ബിജിെപിയിൽ പൊട്ടിത്തെറി. ആഭ്യന്തര മന്ത്രിസ്ഥാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. നിലവിൽ 36 പ്രധാന വകുപ്പുകളാണ് യോഗി കൈവശം വച്ചിരിക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ ആരോപണവുമായി ശിവസേനയും രംഗത്ത് വന്നു.
ഗോരഖ്പൂരിൽ നടന്നത് കൂട്ടക്കുരുതിയാണെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലൂടെ ആരോപിച്ചു. എല്ലാ ഓഗസ്റ്റിലും ബിആർഡി ആശുപത്രിയിൽ നിരവധി കുട്ടികൾ മരിക്കാറുണ്ടെന്ന യുപിയിലെ ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെയും ശിവസേന ശക്തമായി പ്രതികരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പാവപ്പെട്ടവരുടെ കുട്ടികൾ മാത്രം മരിക്കുന്നതെന്നും പണക്കാരുടെ കുട്ടികൾക്ക് നല്ല ചികിത്സ ലഭ്യമാകുന്നതെന്നും സാമ്നയിലൂടെ ശിവസേന ചോദിച്ചു. കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സമാജ്വാദി പാർട്ടി പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ വീടിനുനേരെ മുട്ടയെറിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് മുട്ടയേറ് ഉണ്ടായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികൾക്കു പ്രാണവായു എത്തിച്ച ശിശുരോഗ വിഭാഗം നോഡൽ ഓഫീസറായിരുന്ന ഡോ. കഫീൽ അഹമ്മദ് ഖാനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ യുപിയിൽ കനത്ത പ്രതിഷേധമാണ്. ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും ബിആർഡി ആശുപത്രി സന്ദർശിച്ച ഉടനാണു ഡോ. ഖാനെ സസ്പെൻഡ് ചെയ്തത്.
എൻസെഫലൈറ്റിസ് വാർഡിന്റെ ചുമതലയുള്ള ഡോ. കഫീൽ അഹമ്മദ് ഖാൻ നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ചയാളാണ്. ഡോ. ഖാൻ നിതാന്തജാഗ്രതയോടെ പ്രവർത്തിച്ചതുകൊണ്ടാണു നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കാനായതെന്നു ചികിത്സയിലുള്ള കുട്ടികളുടെ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. തന്റെ പരിചയത്തിലുള്ള ആശുപത്രികളിൽനിന്നു ഡോ. ഖാൻ ഓക്സിജൻ സിലിണ്ടറുകൾ ബിആർഡി ആശുപത്രിയിൽ എത്തിച്ചു. ഇതു കൂടാതെ സ്വന്തം പോക്കറ്റിൽനിന്ന് 10,000 രൂപ മുടക്കി പ്രദേശവാസിയിൽനിന്ന് ഓക്സിജൻ ലഭ്യമാക്കി. ഓക്സിജൻ സിലിണ്ടറുകളുടെ അഭാവത്തിൽ, രോഗികൾക്കു കൃത്രിമ ശ്വാസോച്ഛ്വാസം നല്കാൻ ജൂണിയർ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ഡോ. ഖാൻ നിർദേശം നല്കിയിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണു ഡോ. ഖാനെ സസ്പെൻഡ് ചെയ്തതെന്നു റിപ്പോർട്ടുണ്ട്.
അതേസമയം സർക്കാർ സസ്പെൻഡ് ചെയ്ത (ബിആർഡി) മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജീവ് മിശ്ര രാജി വച്ചു. എന്നാൻ മിശ്രക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കുകയില്ലെന്ന് സർക്കാർ പറഞ്ഞു. അംബേദ്കർ നഗർ രാജകീയ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. നസിംഗിനു ബിആർഡി മെഡിക്കൽ കോളജിന്റെ ചുമതല നല്കിയിട്ടുണ്ട്.
അതേസമയം ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന കന്പനിയും ആശുപത്രിയുമായി തർക്കം നിലനിന്നിരുന്നുവെന്നാണ് ഇതിനകം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ കന്പനിയും ആശുപത്രി അധികൃതരും നടത്തിയ കത്തിടപാടുകളും പുറത്തുവന്നു. 2017 ഓഗസ്റ്റ് ഒന്നുമുതലുള്ള കണക്കനുസരിച്ച് 65 ലക്ഷം രൂപയിലേറെയാണു കുടിശിഖ. ഇതേത്തുടർന്നാണ് വ്യാഴാഴ്ച മുതൽ കന്പനി ഓക്സിജൻ വിതരണം നിർത്തിവച്ചത്. ദുരന്തം പുറംലോകം അറിഞ്ഞതോടെ പിറ്റേന്ന് കുടിശിഖ നൽകാൻ സംസ്ഥാനസർക്കാർ തയാറാവുകയും ചെയ്തു.