നിയാസ് മുസ്തഫ
ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ നാലു പ്രമുഖ രാഷ്ട്രീയ കക്ഷികളാണ് ബിജെപി, സമാജ് വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ് എന്നിവർ. ഇതിൽ ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന എതിരാളി സമാജ് വാദി പാർട്ടി ആകുന്പോൾ ബിഎസ്പിയുടെ പ്രധാന എതിരാളിയായി കോൺഗ്രസ് മാറുകയാണ്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റുകളിൽ ബിജെപി 312 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായപ്പോൾ സമാജ് വാദി പാർട്ടി 47 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് 19 സീറ്റുമായി ബിഎസ്പിയും നാലാം സ്ഥാനത്ത് ഏഴു സീറ്റുമായി കോൺഗ്രസും.
പ്രതീക്ഷ കൂട്ടുന്നു
ബിജെപിയെ തറപറ്റിക്കാൻ പ്രതിപക്ഷ കക്ഷികൾ എല്ലാം ഒറ്റയ്ക്ക് മത്സരിക്കുന്പോൾ പ്രതീക്ഷ കൂടുന്നത് ബിജെപിക്ക് തന്നെ. ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിച്ചുപോകുന്പോൾ തങ്ങൾക്ക് വീണ്ടും അധികാരത്തിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ബിജെപി പങ്കുവയ്ക്കുന്നത്.’
പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിക്ക് ഇത്തവണ മികച്ച മുന്നേറ്റം നടത്താൻ കഴിയുമെന്ന അഭിപ്രായ സർവേകളാണ് ബിജെപിയെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ബിജെപി പ്രധാനമായും എതിരാളിയായി കാണുന്നത് സമാജ് വാദി പാർട്ടിയെ തന്നെ.
കടന്നാക്രമണം
മൂന്നാം കക്ഷിയായ ബിഎസ്പി ഇപ്പോൾ കോൺഗ്രസിനെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാനമായും ദളിത് വോട്ടുകളാണ് ബിഎസ്പിയുടെ അടിത്തറ. ഇതിൽ കോൺഗ്രസ് വിള്ളൽ വീഴ്ത്തുമോയെന്ന ഭയം ബിഎസ്പിക്ക് വന്നുകഴിഞ്ഞു. ഇതാണ് അവർ കോൺഗ്രസിനെ കടന്നാക്രമിക്കാൻ കാരണം.
പ്രിയങ്കയും കോണ്‍ഗ്രസും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ജനങ്ങള്‍ ബിഎസ്പിക്ക് വോട്ട് ചെയ്യണമെന്നും മായാവതി പറയുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ അവരുടെ വിലപ്പെട്ട വോട്ടുകള്‍ കോണ്‍ഗ്രസിന് ചെയ്ത് പാഴാക്കരുതെന്നും മായാവതി അഭ്യർഥിക്കുന്നു.
എന്നാൽ, ജാതി വോട്ട് രാഷ്ട്രീയത്തിന് പ്രധാന മേൽക്കൈയുള്ള യുപിയിൽ എല്ലാ വിഭാഗത്തിലും പെട്ട സ്ത്രീ വോട്ടർമാരെയും യുവാക്കളെയും ലക്ഷ്യംവച്ചുള്ള പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.
40ശതമാനം സീറ്റുകൾ വനിതകൾക്കായി കോൺഗ്രസ് മാറ്റിവച്ചിട്ടുമുണ്ട്. ഇതോടൊപ്പം യുവാക്കൾക്ക് പ്രധാന പരിഗണന നൽകുന്നു.
സ്ത്രീകൾക്കും യുവാക്കൾക്കുമായി നിരവധി പദ്ധതികളാണ് കോൺഗ്രസ് അവരുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.