സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ പിളര്‍പ്പ് സര്‍വ്വസാധാരണമാണ്. കേരളത്തില്‍ കേരളാ കോണ്‍ഗ്രസിനു സമാനം. അതുപോലൊരു ദുസ്ഥിതിയിലാണ് ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയും. കുടുംബപാര്‍ട്ടിയെന്ന ദുഷ്പേരുള്ള മുലായത്തിന്റെ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍ട്ടിയിലെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുലായം സിങ് യാദവ് വിളിച്ചുചേര്‍ത്ത യോഗം പുരോഗമിക്കവേ അഖിലേഷ് യാദവ് ഇറങ്ങിപോയി. മുലായം സിങ്ങിന്റെ സഹോദരന് ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതാണ് എസ്പിയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി വിളിച്ച യോഗവും കാര്യമായ ഗുണം ചെയ്യാതെ അവസാനിച്ചതോടെ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
അടുത്തവര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചതുഷ്കോണ മത്സരമാണ് കഴിഞ്ഞ കുറെക്കാലമായി യുപിയില്‍ നടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന് കാര്യമായ റോളില്ലെങ്കിലും ന്യൂനപക്ഷ വോട്ടുകളില്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമുണ്ട്. അഖിലേഷ് യാദവിന്റെ ഭരണത്തില്‍ യുപിയില്‍ അഴിമതിയും സ്വജനപക്ഷപാതവും വര്‍ധിച്ചിരിക്കുകയാണ്. ഭരണവിരുദ്ധവികാരം സംസ്ഥാനത്തുടനീളമുണ്ട.് എന്നാല്‍ ഇത് മുതലെടുക്കാനുള്ള സംഘടനശേഷി നിലവില്‍ ബിജെപിക്കു മാത്രമാണുള്ളത്. മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) രണ്ടും കല്പിച്ച് രംഗത്തുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയില്ല.
എസ്പിയില് ഐക്യമില്ലാതിരിക്കുന്ന അവസ്ഥയില്‍ പോരാട്ടം ബിജെപിയും ബിഎസ്പിയും തമ്മിലാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ വിദഗ്ധര്‍ക്കും രണ്ടഭിപ്രായമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ ഉയര്‍ത്തിക്കാട്ടി യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന വരുണ്‍ ഗാന്ധി ഹണിട്രാപ്പില്‍ പെട്ടത് ബിജെപിക്കും ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്.