ഒരുവശത്ത് ഗോവധ നിരോധനത്തിനായി ഉത്തരവിടുമ്പോള്‍ മറുവശത്ത് നൂറുകണക്കിന് കാലികളെ കശാപ്പ് ചെയ്ത് കയറ്റി അയക്കുന്നു; ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. ലോകത്ത് കയറ്റുമതി ചെയ്യുന്ന ബീഫില്‍ 19.60 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവയാണ്. ബ്രസീലും ഇന്ത്യക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. 2016ല്‍ 185000 മെട്രിക് ടണ്‍ ബീഫാണ് ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2015ലും ഇന്ത്യ തന്നെയായിരുന്നു ബീഫ് കയറ്റുമതിയില്‍ ഒന്നാമതെത്തിയത്.

രാജ്യത്ത് ബീഫ് നിരോധനവും അക്രമവും നടക്കുന്ന സാഹചര്യത്തിലും ബീഫ് കയറ്റുമതി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും ബ്രസീലും ആസ്ട്രേലിയും കയറ്റി അയക്കുന്നത് ലോകത്തെ മൊത്തം ബീഫിന്റെ 53 ശതമാനം വരും. ചൈന വെറും 22000 മെട്രിക് ടണ്‍ ബീഫാണ് കയറ്റി അയക്കുന്നത്. മൊത്തം കയറ്റുമതിയുടെ 0.23 ശതമാനം മാത്രമാണ് ഇത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ രാജ്യത്തെ ബീഫ് കയറ്റുമതി നിരക്ക് ഉയരുകയാണ്.

തന്റെ ജൈനമതക്കാരായ ചില സുഹൃത്തുക്കള്‍ വന്‍ തോതില്‍ ബീഫ് കയറ്റുമതി നടത്തുന്നുണ്ടെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ ആഘോഷാവസരങ്ങളില്‍ മുബൈയില്‍ കാലികളെ അറുക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൈനമത വിശ്വാസികള്‍ സമരം ചെയ്തിരുന്നു.

ബിജെപി നേതാവും പാര്‍ട്ടിയുടെ നിയമകാര്യ വിദഗ്ധനുമായ സംഗീത് സോമന്‍ പ്രമുഖ ബീഫ് കയറ്റുമതി സ്ഥാപനമായ അല്‍ ദുആ ഫുഡ് പ്രൊസസ്സിങ് കമ്പനിയുടെ ഡയറക്ടറായിരുന്നു. 33 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന് ഈ കമ്പനിയിലുണ്ടായിരുന്നത്. അതേസമയം ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സുക്ഷിച്ചെന്ന് ആരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അഖ്ലാക്കിനെ അടിച്ചുകൊന്നതിനെ ന്യായീകരിച്ചയാളും കൂടിയാണ് സംഗീത് സോമന്‍.

ഉത്തര്‍ പ്രദേശ് സര്‍ക്കാന്‍ പശുവിന്റെ ഘാതകരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോഴും സംഗീത് സോമന്റെ അല്‍ ദുആ ഫുഡ്സില്‍ കയറ്റുമതിക്കു വേണ്ടി നൂറുകണക്കിന് കാലികളെയാണ് ദിവസവും കശാപ്പ് ചെയ്യുന്നത്.

 

 

Related posts