ന്യൂഡൽഹി: സർക്കാരിനെ പുകഴ്ത്തിയാൽ പ്രതിഫലവും ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്ത്യ തടവുശിക്ഷയും നൽകുന്ന പുതിയ സമൂഹമാധ്യമ നയം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കാണു നയം ബാധകമാകുക.
സർക്കാർ പദ്ധതികളും പ്രവർത്തങ്ങളും മികച്ചരീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ കണ്ടന്റ് ക്രിയേറ്റർക്ക് എട്ടു ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. ഫോളോവേഴ്സിന്റെയും സബ്സ്ക്രൈബർമാരുടെയും എണ്ണമനുസരിച്ചായിരിക്കും പ്രതിഫലം. അതേസമയം ദേശവിരുദ്ധ പോസ്റ്റുകൾക്ക് മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നതാണു പുതിയ നയം. എന്നാൽ ദേശവിരുദ്ധ ഉള്ളടക്കങ്ങളുടെ പരിധിയിൽ എന്തൊക്കെയാണു വരികയെന്നു വ്യക്തമല്ല.
സമൂഹമാധ്യമങ്ങളിൽ റീച്ചിന്റെ അടിസ്ഥാനത്തിൽ ഇൻഫ്ളുവൻസർമാരുടെ പട്ടിക തയാറാക്കാൻ യുപി സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ഷോർട്സ്, പോഡ്കാസ്റ്റ്, യുട്യൂബ് എന്നിവയിലെല്ലാം സർക്കാർ പരസ്യങ്ങൾ നൽകും.
എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണെങ്കിൽ പ്രതിമാസം പരമാവധി അഞ്ചു ലക്ഷം, നാലു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ യഥാക്രമം സന്പാദിക്കാനാകും. യുട്യൂബ്, ഷോർട്സ്, പോഡ്കാസ്റ്റുകൾ എന്നിവയുടെ പേമെന്റ് പരിധി യഥാക്രമം എട്ടു ലക്ഷം, ഏഴു ലക്ഷം, ആറു ലക്ഷം, എന്നിങ്ങനെയാണ്. എന്നാൽ സർക്കാരിന്റെ പുതിയ നയത്തിനെതിരേ കോണ്ഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്രത്തിനു മേലുള്ള സർക്കാരിന്റെ കടന്നുകയറ്റമാണെന്നാണു കോണ്ഗ്രസിന്റെ ആരോപണം.