ബരാബങ്കി: ഉത്തർപ്രദേശിൽ ഭക്ഷണത്തിൽ തുപ്പിയിട്ട ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ബരാബങ്കി ജില്ലയിലെ രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധിയാമാവു ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണു പാചകത്തിനിടെ ജീവനക്കാരൻ റൊട്ടിയിൽ തുപ്പിയത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയും അധികൃതർ ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു.
ഫത്തേപുർ നബിനഗറിൽ താമസിക്കുന്ന ഇർഷാദ് ആണ് അറസ്റ്റിലായത്. അടുത്തിടെ ഉത്തർപ്രദേശിലെ സഹാറൻപുർ, ബാഗ്പത് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ മലിനീകരണം തടയുന്നതിനു പുതിയ നിയമം തയാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി. പാചകവേളയിൽ ഭക്ഷണത്തിൽ തുപ്പുന്നത് ഏതുതരം ആചാരമാണെന്നു ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.