ബിജെപി നേതാക്കളുടെ മണ്ടത്തരം പറച്ചിലിന് ഉടനെയൊന്നും കുറവ് വരികയില്ലെന്നാണ് ഓരോരുത്തരായി തെളിയിച്ചുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാമായണ കാലത്തും ടെസ്റ്റ് ട്യുബ് ശിശുക്കള്‍ ഉണ്ടായിരുന്നുവെന്ന യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടേതാണ് ആ ഡയലോഗ്.
നാരദനെ ഗൂഗിളിനോട് ഉപമിച്ചതിന് പിന്നാലെയാണ് രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നെന്ന അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഇതിന് തെളിവാണ് സീതയുടെ ജനനമെന്നും ശര്‍മ്മ പറഞ്ഞു. അക്കാലത്തും ഇന്റര്‍നെറ്റും ലൈവ് ടെലികാസ്റ്റും ഉണ്ടായിരുന്നു. മഹാഭാരത യുദ്ധം ധൃതരാഷ്ട്രര്‍ തത്സമയം കണ്ടിരുന്നുവെന്നും ദിനേഷ് ശര്‍മ്മ പറഞ്ഞു.
പത്രപ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരത കാലത്താണെന്ന് ബുധനാഴ്ച ശര്‍മ്മ അവകാശപ്പെട്ടിരുന്നു. കാഴ്ച ശേഷിയില്ലാതിരുന്ന ധൃതരാഷ്ട്രര്‍ക്ക് കുരുക്ഷേത്ര യുദ്ധത്തില്‍ പതിനെട്ട് ദിവസവും നടന്ന കാര്യങ്ങള്‍ സഞ്ജയ ഹസ്തിനപുരത്ത് ഇരുന്ന് വിവരിച്ചു നല്‍കിയിരുന്നു.
ഇതടക്കം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പുരാണകാലത്തും ആധുനിക സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നുവെന്ന് സമര്‍ത്ഥിക്കുകയാണ് ദിനേഷ് ശര്‍മ്മ. ഹിന്ദി ജേര്‍ണലിസം ദിനത്തില്‍ സംസാരിക്കവെയാണ് നാരദന് ആദ്യത്തെ ഗൂഗിളാണെന്ന് ദിനേഷ് ശര്‍മ്മ അവകാശപ്പെട്ടത്.