![](https://www.rashtradeepika.com/library/uploads/2020/10/police.jpg)
സ്വന്തം ലേഖകന്‍
കൊച്ചി: യുപിയിലെ ഹാത്രാസില്‍ കലാപമുണ്ടാക്കാന്‍ പോയവര്‍ക്കു സാമ്പത്തികസഹായം നല്‍കിയെന്നാരോപിച്ച് ഇഡി അറസ്റ്റുചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരിഫീനെ കസ്റ്റഡിയിലെടുക്കാന്‍ അറസ്റ്റുവാറണ്ടുമായി യുപിയിലെ മധുര പോലീസ് കൊച്ചിയില്‍.
കാക്കനാട് ജയിലില്‍ കഴിയുന്ന റൗഫിനെ കൊണ്ടു പോകാനുള്ള രേഖകളുമായി യുപി പോലീസ് എത്തിയെങ്കിലും വിട്ടു കൊടുത്തിട്ടില്ല. സുരക്ഷാപ്രശ്നമാണ് ജയിലില്‍ അധികൃതര്‍ ഉയര്‍ത്തുന്ന പ്രശ്നം. മതിയായ സുരക്ഷ ക്രമീകരണം ഒരുക്കാതെ വിട്ടു കൊടുക്കുന്നതില്‍ ജയിലില്‍ അധികൃതര്‍ക്കും ആശങ്കയുണ്ട്.
ഇതിനു പരിഹാരമായാല്‍ വിട്ടു കൊടുക്കുമെന്നാണ് അറിയുന്നത്. ഏതായാലും യുപി പോലീസ് കൊച്ചിയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതേ സമയം റൗഫിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 12 ലേക്ക് മാറ്റിയിരിക്കുകയാണ്.
വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.
കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖ്വര്‍ റഹ്മാന്, മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്, മസൂദ് അഹമ്മദ്, ആലം പെഹല്വാന് എന്നിവര്‍ക്ക് പണം കൈമാറിയത് റൗഫാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
പിഎംഎല്‍എ നിയമപ്രകാരം മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും റൗഫ് ഇഡിക്കു മുന്നില്‍ ഹാജരായില്ല. അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചെന്നും ഭാര്യ ഗര്‍ഭിണിയാണെന്നും ചൂണ്ടിക്കാട്ടി രണ്ടു തവണ ഒഴിഞ്ഞുമാറി.
മൂന്നാം തവണ പനിയും ശരീരവേദനയും മറ്റു രോഗങ്ങളും നിമിത്തം ചികിത്സയിലാണെന്ന് ഇമെയില്‍ വഴി അറിയിച്ചു. ഇതിനിടയില്‍ രഹസ്യമായി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചു. വിദേശത്ത് കടക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതാണ് അറസ്റ്റിന് വഴിയൊരുക്കിയത്.
മൂന്ന് അക്കൗണ്ടുകളാണു റൗഫിനുള്ളത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത കാമ്പസ് ഫ്രണ്ട് സംഘടനയ്ക്കു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഈ മൂന്ന് അക്കൗണ്ടുകള്‍ വഴിയാണ്.
കോവിഡ് ലോക്ഡൗണ്‍ കാലത്തും റൗഫിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു. ഒമാനില്‍ ജോലി ചെയ്തിരുന്ന റൗഫ് ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത്.
ഇത്തരം സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണന്ന് ഇഡിയുടെ ന്യൂഡല്‍ഹി യൂണിറ്റിലെ അസി.ഡയറക്ടര്‍ വിനയ്കുമാര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കാമ്പസ് ഫ്രണ്ട് വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിന് ശ്രമിച്ചിയിരുന്നുവെന്ന ഗുരുതര കണ്ടെത്തലാണ് ഇഡി കോടതിയില്‍ വെളിപ്പെടുത്തിയത്.