രാജ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ ആരു ഭരണത്തിലേറണമെന്ന് തീരുമാനിക്കുന്നത് ഉത്തര്‍പ്രദേശാണ്. 80 സീറ്റുകളുള്ള യുപിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലുണ്ടാകുമെന്നതാണ് മുന്‍കാലങ്ങളിലെ സാക്ഷ്യം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റാണ് യുപിയില്‍ ലഭിച്ചത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരാണ്.
സമാജ്‌വാദിപാര്‍ട്ടിയും ബിഎസ്പിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ബിജെപിക്ക് തിരിച്ചടിയാകുക. ഒപ്പം പ്രിയങ്ക ഗാന്ധിയിയുടെ തോളിലേറി കോണ്‍ഗ്രസും വന്നതോടെ 2014 ആവര്‍ത്തിക്കാമെന്ന കാവിപ്പാര്‍ട്ടിയുടെ മോഹങ്ങള്‍ തകര്‍ന്നടിയും. 38 സീറ്റുകള്‍ വീതമാണ് എസ്പിയും ബിഎസ്പിയും മത്സരിക്കുക. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ് ബറേലിയിലും കോണ്‍ഗ്രസിനെതിരെ മത്സരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി.
സമാജ് വാദി പാര്‍ട്ടിയുമായി ഒരിക്കലും രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് നേരത്തെ പലതവണ പ്രഖ്യാപിച്ചതാണ് മായാവതി. ആ നിലപാടില്‍നിന്ന് മാറി പരസ്പരം അംഗീകരിക്കുന്ന നിലപാടിലേക്ക് ഇരുപാര്‍ട്ടികളും എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിജെപിയെയും സംഘത്തെയും പരാജയപ്പെടുത്തുക രാജ്യം ആവശ്യപ്പെടുന്ന ഒന്നാണെന്ന് മായാവതി പറയുന്നത് സഖ്യത്തിന്റെ ദൃഢതയേറ്റുന്നു. കാന്‍ഷിറാമും മുലായംസിങ് യാദവും ചേര്‍ന്ന് 1993ല്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് പാതിവഴിയില്‍ ഇരുവരും വേര്‍പിരിഞ്ഞു.
കഴിഞ്ഞതവണ ബിജെപിയെ യുപി തൂത്തുവാരാന്‍ ഇടയാക്കിയ ഘടകങ്ങളൊന്നും ഇത്തവണ ഇല്ലെന്നതാണ് വാസ്തവം. യുപിയില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ബിജെപിയുടെ അടിത്തട്ടിലും ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ യുപിയില്‍ ബിജെപി അടിതെറ്റി വീഴുമെന്ന കാര്യം ഉറപ്പാണ്.