ലക്നോ: ഉത്തർപ്രദേശിലെ സംഭാലിൽ ഇന്നലെ മുസ്ലിം പള്ളിയിൽ നടത്തിയ സർവേയെച്ചൊല്ലിയുണ്ടായ അക്രമത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു. പോലീസുകാർക്കും പരിക്കുപറ്റി. തലയ്ക്ക് പരിക്കേറ്റ ഒരു കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കോടതി ഉത്തരവിനെത്തുടർന്ന് ഷാഹി ജമാ മസ്ജിദിലെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനുംനേരേ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെത്തുടർന്നാണു സംഘർഷമുണ്ടായത്.
നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തീയിട്ടുനശിപ്പിച്ചു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കലാപത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ 24 പേരെ കസ്റ്റഡിയിലെടുത്തു. കോടതി ഉത്തരവ് നടപ്പാക്കുന്നതു തടഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി.
ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിൽ ആണ് സംഭാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.
സംഭവത്തെത്തുടർന്ന്, ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു.