ലക്നോ: മന്ത്രിമാരുടെ ആദായനികുതി സർക്കാർ ഖജനാവിൽനിന്ന് അടയ്ക്കുന്ന 38 വർഷം പഴക്കമുള്ള കലാപരിപാടി ഉത്തർപ്രദേശ് സർക്കാർ അവസാനിപ്പിച്ചു. 1981 മുതൽ ഉത്തർപ്രദേശ് ഭരിച്ച മുഖ്യമന്ത്രിമാരും മന്ത്രിമാരും സർക്കാർ ഖജനാവിൽനിന്നാണ് നികുതി അടച്ചിരുന്നതെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു സർക്കാർ നടപടി.
ഇതു സംബന്ധിച്ച് ഇന്നലെ വൈകിട്ട് സർക്കാർ വാർത്താക്കുറിപ്പിറക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെത്തുടർന്നാണ് നടപടിയെന്ന് ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു. മുൻ പ്രധാനമന്ത്രി വി.പി. സിംഗ് യുപി മുഖ്യമന്ത്രിയായിരുന്ന 1981-ൽ പാസാക്കിയ ഉത്തർപ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവൻസസ് ആൻഡ് മിസെലേനിയസ് ആക്ട്, 1981 പ്രകാരമായിരുന്നു മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി സർക്കാർ ഖജനാവിൽനിന്ന് അടച്ചത്.
തുടർന്നുള്ള 38 വർഷ കാലയളവിൽ എൻ.ഡി. തിവാരി, മുലായം സിംഗ് യാദവ്, മായാവതി, രാജ്നാഥ് സിംഗ് മുതൽ യോഗി ആദിത്യനാഥ് വരെ 19 മുഖ്യമന്ത്രിമാരും വിവിധ പാർട്ടികളിലായി ആയിരത്തോളം മന്ത്രിമാരും യുപി ഭരിച്ചു. ഇവരെല്ലാം സർക്കാർ ഖജനാവിൽനിന്നു തന്നെ തങ്ങളുടെ ആദായനികുതി അടച്ചു.
കഴിഞ്ഞ രണ്ടു സാന്പത്തികവർഷവും യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗങ്ങളുടെ ആദായനികുതി അടച്ചതും സംസ്ഥാന ഖജനാവിൽനിന്നായിരുന്നു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 86 ലക്ഷം രൂപ യോഗിയുടെയും മന്ത്രിമാരുടേതുമായി നികുതിയടച്ചു.
തുച്ഛമായ ശന്പളം ലഭിക്കുന്നവരും ദരിദ്രരരുമാണെന്നതാണ് ഖജനാവിൽനിന്ന് ഇവരുടെ ആദായനികുതി അടയ്ക്കാൻ കാരണമായി പറഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നല്കിയ സമയത്ത് കോടികളുടെ സ്വത്തു വിവരം പ്രഖ്യാപിച്ചവരെയാണു ദരിദ്രരായി കണക്കാക്കിയത്.
2012-ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നല്കിയ സത്യവാങ്മൂലത്തിൽ ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയത് 111 കോടി രൂപയുടെ സ്വത്തായിരുന്നു. തനിക്കും ഭാര്യ ഡിംപിളിനുമായി 37 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നായിരുന്നു 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നല്കിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 95,98,053 രൂപയുടെ സ്വത്തുക്കളുണ്ട്.