ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച ദിയോറിയ ജില്ലയിലെ മാ വിന്ധ്യാവാസിനി മഹിളാ ബാലികാ സംരക്ഷന് ഗൃഹവുമായി ബന്ധപ്പെട്ട പെണ്‍വാണിഭക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. 15 പോലും തികയാത്ത പെണ്‍കുട്ടികളെ ഉന്നതന്മാര്ക്ക് കാഴ്ചവച്ച സംഭവം മനുഷ്യമനസാക്ഷിയെ ആകെ ഞെട്ടിക്കുന്നതാണ്. ഓഗസ്റ്റിലാണ് സംഭവം പുറത്തു വരുന്നത്. ഉന്നതരെ രസിപ്പിക്കാന്‍ അയയ്ക്കും മുമ്പായി പെണ്‍കുട്ടികള്‍ക്ക് വേദന അറിയാതിരിക്കാന്‍ മയക്കുമരുന്ന് കഴിപ്പിച്ചിരുന്നു എന്നാണ് ഇരകളുടെ വെളിപ്പെടുത്തല്‍. ആഗസ്റ്റ് 6 ന് യുപി പോലീസിലെ വനിതാ സെല്ലാണ് മൊഴി രേഖപ്പെടുത്തിയത്. അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് യുപി പോലീസിലെ സിറ്റ് സമര്‍പ്പിച്ചിരിക്കുകയാണ്.
”മാഡം ഞങ്ങളെ പുരുഷന്മാരുടെ അരികിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ഞങ്ങള്‍ക്ക് ഒരു മരുന്നു തരും. ഈ മരുന്നു കഴിച്ചാല്‍ വേദനയെടുക്കില്ലെന്ന് പറഞ്ഞാണ് തരുന്നത്. എല്ലാം കഴിഞ്ഞു വരുമ്പോള്‍ വലിയ ആള്‍ക്കാരുമായി ഇന്ന് നല്ല രസമയിരുന്നില്ലേ എന്ന് പതിവായി ചോദിക്കും. പോലീസിനോടോ മറ്റാരോടെങ്കിലുമോ ഈ വിവരം പറയരുതെന്നും അവര്‍ വന്നാ അടിക്കുമെന്നും പറയുമായിരുന്നു.” കൂട്ട ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശിലെ ഒരു ബാലികാ സദനത്തിലെ 13കാരി പോലീസിനോട് വെളിപ്പെടുത്തിയതാണ് ഈ വിവരം.
ബാലികാസദനത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ വ്യാപകമായി ലൈംഗികപീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. പീഡനങ്ങള്‍ സഹിക്കാനാവാതെ ആയതോടെ 11കാരി ചാടിപ്പോയതിനെത്തുടര്ന്നാണ് ബാലികാ സദനത്തിലെ ഉള്ളുകളികള്‍ പുറംലോകം അറിഞ്ഞത്. ഷെല്‍ട്ടര്‍ഹോമിന്റെ ഉടമ ഗിരിജ ത്രിപാഠിയ്ക്കെതിരേ മൊഴി നല്കിയ 12കാരിയാണ് മാഡം തങ്ങളെ ഉന്നതര്‍ക്ക് കൊടുക്കും മുമ്പ് മയക്കുമരുന്ന് കഴിപ്പിക്കുമായിരുന്നെന്ന് മൊഴി നല്‍കിയത്.
സംഭവം ആരോടും പറയരുതെന്നും പോലീസ് എത്തിയാല്‍ തല്ലുമെന്നുമായിരുന്നു പെണ്‍കുട്ടികളെ ഗിരിജ ധരിപ്പിച്ചിരുന്നത്. ഓരോ തവണ തിരിച്ചുവരുമ്പോഴും വല്യവല്യ ആള്‍ക്കാരുമായി ഇന്നു നല്ല രസമായിരുന്നോ എന്നും ചോദിച്ചിരുന്നു. അഞ്ചുമാസം മാത്രം മുമ്പ് മാത്രം ഷെല്‍ട്ടര്‍ ഹോമില്‍ എത്തിയ തന്നെ മാസം അഞ്ചും ആറും തവണ പുറത്ത് വിട്ടിരുന്നതായി ഒരു 12 കാരി നല്കിയ മൊഴിയില്‍ പറയുന്നു.” വൈകുന്നേരം നാലു മണിയോടെ ഒരു കാര്‍ വരും. പിറ്റേന്ന് രാവിലെ തിരിച്ചു കൊണ്ടുവിടും. ഓരോ തവണയും വേറെ വേറെ ആള്‍ക്കാരാണ് വരുന്നത്. ചിലപ്പോള്‍ ചിലര്‍ വരുന്നത് ബൈക്കിലായിരിക്കും.” പെണ്‍കുട്ടി പറഞ്ഞു.
ഗിരിജയ്ക്ക് പണം നല്കിയ ശേഷമാണ് ഇടപാടുകാര്‍ പെണ്‍കുട്ടികളെ കൊണ്ടുപോയിരുന്നത്. അതുപോലെ തന്നെ ബാലികാസദനം ശോചനീയമായ അവസ്ഥയില്‍ ആയിരുന്നു. വൃത്തിയാക്കലും തുണി കഴുകലും പോലെയുള്ള ജോലികള്‍ ചെയ്തില്ലെങ്കില്‍ ക്രൂരമായ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. ഇരകളെ ഇപ്പോള്‍ യുപിയില്‍ ഉടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണ്.