സഹോദരന്റെ 18 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ സിസിടിവി കാമറയിലാണ് ദൃശ്യം പതിഞ്ഞത്. കുട്ടിയുടെ ആന്റിതന്നെയാണ് കൊടുംക്രൂരത ചെയ്തതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സഹോദരന്റെ ഭാര്യ ആണ്‍കുഞ്ഞിനു ജന്മം നല്കിയതില്‍ അസൂയമൂത്തതാണ് ക്രൂരതയ്ക്കു കാരണം. ക്രൂരത ചെയ്ത സ്ത്രീക്ക് മൂന്നു പെണ്‍കുട്ടികളാണ്.
കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തവെ നെറ്റില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ ആശുപത്രി അധികൃതരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കാലില്‍ ഒടിവു സംഭവിച്ചതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ടെറസില്‍നിന്ന് ആന്റിതന്നെയാണ് താഴേക്ക് എറിഞ്ഞതെന്ന ഞെട്ടിപ്പിക്കുന്ന രഹസ്യം വെളിപ്പെട്ടത്. ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു സഹോദരി. ഒന്നുറങ്ങിയതിന് ശേഷം മുലയൂട്ടാനായി കുഞ്ഞിനെ തിരഞ്ഞപ്പോള്‍ കാണാതെ പരിഭ്രമിച്ച അമ്മയുടെ നിലവിളി കേട്ട് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ ആശുപത്രി മുറ്റത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്