ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കാനായി മുന്നോട്ടു വന്ന വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് യുപിഎ കാലത്തെ ഉന്നതോദ്യോഗസ്ഥര്‍. പുനരധിവാസത്തിന് വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര് മേനോന് പറഞ്ഞു.
ദുരന്തനിവാരണത്തിന് സഹായം പാടില്ലെന്നാണ് മുന്‍ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാഹചര്യം കണക്കിലെടുക്കണമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പ്രധാനമെന്നായിരുന്നു മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് സഞ്ജയ് ബാരുവിന്റെ അഭിപ്രായം.
പ്രളയദുരന്തത്തില്‍ വലയുന്ന കേരളം വിദേശ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പണമായി മാത്രമല്ല, ഉപകരണങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം , അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ രൂപത്തിലും കേരളം വിദേശ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, ഏജന്‍സികളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടതുണ്ട്.
ഇത് ദുരിതം കുറയ്ക്കാനും പുനരധിവാസത്തിനും സഹായകമാകും. 2004ല്‍ സുനാമി ദുരന്തത്തിനു ശേഷമാണ് വിദേശ രാജ്യത്തിന്റെ സഹായം വേണ്ട എന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നത്.