സീമ മോഹന്‍ലാല്‍
കെവൈസി അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം എറണാകുളം സ്വദേശി രാഹുലിന് വന്നത്. സന്ദേശത്തിന് താഴെ കെവൈസി അപ്ഡേറ്റ് ചെയ്യാനായി ഒരു ലിങ്കും ഉണ്ടായിരുന്നു.
രാഹുല്‍ നേരിട്ട് ബാങ്കിനെ സമീപിച്ചതിനാല്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകാതെ രക്ഷപ്പെട്ടു. ഇത്തരം മെസേജുകളെ വിശ്വസിക്കരുതെന്നാണ് സൈബര്‍ ക്രൈം പോലീസ് നല്കുന്ന മുന്നറിയിപ്പ്.
സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയ നിവാരണത്തിനായി ബാങ്കിനെ നേരിട്ട് സമീപിക്കണമെന്നും സൈബര്‍ ക്രൈം പോലീസ് പറയുന്നു.
പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകളാണ് ഇന്നുളളത്. പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഇത്തരം ചതിക്കുഴികളിലേക്ക് എത്താനുള്ള സാധ്യതയും ഏറെയാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു ശേഷവും പല കുട്ടികളുടെയും കൈകളില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടാകും.
പഠനാവശ്യമെന്ന പേരിലായതിനാല്‍ പല മാതാപിതാക്കളും ഇതിന്റെ സത്യാവസ്ഥ അറിയാന്‍ കഴിയാതെ പോകുന്നുവെന്നതാണ് വാസ്തവം.
തട്ടിപ്പുകള്‍ ഇങ്ങനെ
സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ സമ്മാനം ലഭിച്ചിരിക്കുന്നു, ലോട്ടറി അടിച്ചതിന്റെ തുക കിട്ടാനായി വിവരങ്ങള്‍ നല്‍കുക,
പുതുതായി ലഭിച്ച ജോലിക്ക് പ്രോസസിംഗ് ചാര്‍ജും മറ്റുമായി പണം നല്കാന്, ഗൂഗിള്‍ പേ വഴി അറിയാതെ അയച്ച പണം തിരികെ അയയ്ക്കാന്‍, ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തുവെന്ന സന്ദേശം,
ഒരു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ തന്നെ ലോണ്‍ തരാമെന്നു പറഞ്ഞുള്ള കോള്‍… തട്ടിപ്പുകളുടെ പട്ടിക ഇങ്ങനെ നീളുന്നു.
ഒരു നിമിഷത്തെ അശ്രദ്ധ ഒഴിവാക്കൂ
ജോലിക്കു ശ്രമിക്കുന്നവരാണ് പലപ്പോഴും വഞ്ചിതരാകുന്നത്. ഒട്ടനവധി വ്യാജ വെബ്സൈറ്റുകളാണ് ഇന്നുള്ളത്. ഇവ യഥാര്‍ഥ സൈറ്റുകള്‍ക്ക് സമാനമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം.
വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കുകയാണ് മുഖ്യം. ഗ്രൂപ്പുകളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും പരിചയപ്പെട്ട വ്യക്തികള്‍ വിദേശത്തും സ്വദേശത്തും ജോലിതരപ്പെടുത്തി തരാം എന്ന് വിശ്വസിപ്പിച്ചേക്കാം.
ഇത്തരം വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പണമോ വ്യക്തിഗത വിവരങ്ങളോ നല്‍കരുത്.
ബാങ്ക് അക്കൗണ്ടിലും ശ്രദ്ധവേണം
ഒടിപി, കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ ആരുമായും പങ്കുവയ്ക്കരുത്. ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്ത മൊബൈല്‍ നമ്പറുകളില്‍ വരുന്ന മെസേജുകള്‍ ശ്രദ്ധിക്കണം.
കരുതിയിരിക്കാം
പരിചയമില്ലാത്തവരില്നിന്നു വരുന്ന മെയിലുകള്‍ക്കു പ്രതികരിക്കരുത്. ഏതെങ്കിലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞുകൊണ്ടുള്ള മെസേജുകള്‍ അവഗണിക്കണം.
സോഷ്യല്‍ മീഡിയ വഴിയുള്ള ലിങ്കുകളിലൂടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. ഒറിജിനല്‍ വെബ്സൈറ്റുകള്‍ വഴി മാത്രം പര്‍ച്ചേസ് ചെയ്യണം.
പട്ടാളക്കാരുടെ ഫോട്ടോയുള്ള ഐഡിയും മറ്റുമുള്ള അക്കൗണ്ടിലൂടെ വാഹനങ്ങള്‍ വില്‍ക്കാനുണ്ട് എന്നു പറഞ്ഞുള്ള വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്.
വില കുറവില്‍ ആകൃഷ്ടരാകരുത്. അനാവശ്യമായ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക. മൊബൈല്‍ ഫോണുകള്‍ കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യണം.
മൊബൈല്‍ ഫോണുകള്‍ക്ക് പാസ്വേര്ഡ് നല്കി ഉപയോഗിക്കുക. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് എന്നിവ ബെഡ്റൂമില്വച്ച് ഉപയോഗിക്കരുത്.
ആവശ്യം കഴിഞ്ഞാല്‍ ബ്ലൂടൂത്ത്, ഡാറ്റ, വൈഫൈ എന്നിവ ഓഫ് ചെയ്യുക. ഫ്രീ വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തരുത്.
കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്നവര്‍ വിശ്വസ്തരാണെന്ന ധാരണയില്‍ അവരുമായി വിവരങ്ങള്‍ പങ്കുവയ്ക്കരുത്.
പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ല
സീരിയലില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഒരു ഫോട്ടോ ഉടന്‍ അയച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടു പെണ്‍കുട്ടികള്‍ക്കു വരുന്ന സന്ദേശങ്ങള്‍, അജ്ഞാത നമ്പറുകളില്‍ നിന്നുവരുന്ന വീഡിയോ കോളുകള്‍ ഇവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
പ്രതിമാസം 90 പരാതികള്‍
സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായാണ് എറണാകുളം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ എത്തുന്ന പരാതികള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പ്രതിമാസം 90 പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എസ്. അരുണ്‍ പറഞ്ഞു.
ഒടിപി ചോദിച്ച് പണം നഷ്ടമാകുന്ന കേസുകളും സമൂഹമാധ്യമങ്ങളിലൂടെ ചതിയില്‍പ്പെടുന്ന പരാതികളുമാണ് ഇതിലേറെയുമെന്ന് അദേഹം പറഞ്ഞു.