പാലക്കാട്: അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഏകദിന ഉപവാസ സമരം രാവിലെ ഒന്‍പതിന് കോട്ടമൈതാനത്ത് തുടങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.
എംപിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ ഷാഫി പറന്പിൽ, പി.ടി.തോമസ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കൾ എന്നിവർ ഉപവാസത്തിൽ പങ്കാളികളായി. ഇന്നു വൈകുന്നേരം ആറിന് ഉപവാസത്തിന്റെ സമാപനസമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും.
കെ.സി. വേണുഗോപാൽ രാവിലെ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പള്ളത്തെ നാട്ടുകാർ നടത്തുന്ന റിലേ നിരാഹാരസമരം ഇന്ന് രണ്ടാം ദിവസത്തേക്ക് കടന്നു. ബിജെപിയും സമരപരിപാടികളുമായി രംഗത്തുണ്ട്. സിപിഎം ഏരിയാ തലത്തിൽ വിശദീകരണ യോഗങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.