സുൽത്താൻബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവജനക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരസമരം ഒന്പതാം ദിവസവും തുടരുന്നു. സമരത്തിന്റെ മാറ്റൊലികൾ അധികാരികളുടെ അടുത്തെത്തിയതു വയനാടിനു പ്രതീക്ഷയായി. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ ചർച്ചയിൽ ബദൽപാതയെക്കുറിച്ചു പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നു അറിയിച്ചതാണ് പ്രതീക്ഷക്ക് വക നൽകുന്നത്.
കേരളത്തിന്റെ അവസ്ഥ സമിതിക്കുമുന്പിൽ ബോധ്യപ്പെടുത്താൻ അവസരം ലഭിക്കുമെന്നാണ് യുവജനക്കൂട്ടായ്മയുടെ കണക്കുകൂട്ടൽ. ദേശീയപാതയിലെ രാക്കുരുക്കും റോഡ് പൂർണമായി അടയ്ക്കാനുള്ള നീക്കവും വയനാട് എം.പി രാഹുൽഗാന്ധി മുഖ്യമന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തിരുന്നു.
സർവകക്ഷിസംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായും കേന്ദ്രമന്ത്രി വി .മുരളീധരനുമായും ചർച്ച നടത്തി. നഗരത്തിൽ കഴിഞ്ഞദിവസം നടന്ന കൂറ്റൻ വിദ്യാർഥി റാലി പ്രശ്നം ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നതിനും ഉതകി.പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ സമരത്തിൽനിന്നു പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യുവജനക്കൂട്ടായ്മ.
പ്രശാന്ത് മലവയൽ, എം.എസ്.ഫെബിൻ, സംഷാദ്, റിനു ജോണ്, അസീസ് വേങ്ങൂർ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. നിരാഹാര സമരത്തിനു പിന്തുണയുമായി ഇന്നലെ സമരപ്പന്തലിൽ കൂട്ട ഉപവാസം നടന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തമിഴ്നാട്ടിലെ ഏരുമാടു നിന്നുള്ള 200 ഓളം ഓട്ടോ, ഗുഡ്സ് ഡ്രൈവർമാർ വാഹനങ്ങളുമായി ടൗണിൽ റാലി നടത്തി.
രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവജനങ്ങൾ നടത്തുന്ന സമരത്തിന് കേരള പത്രപ്രവർത്ത യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ പിന്തുണ അറിയിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസംപ്ഷൻ യു.പി സ്കൂളിലെ 50ഓളം വിദ്യാർഥികൾ ഗാന്ധി വേഷമണിഞ്ഞ് പന്തലിലെത്തി. വയനാട്ടിൽ തുടരുന്നത് രണ്ടാം വാൾ സ്ട്രീറ്റ് സമരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.