തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ടത്. ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
സ്പ്രിംക്ലർ കരാറിലും ഇത് പോലെയാണ് സംഭവിച്ചത്. ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ സർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.
മന്ത്രി മേഴ്സികുട്ടിയമ്മ രാജിവയ്ക്കുക, പ്രോസസിംഗ് യൂണിറ്റിന് വേണ്ടി അമേരിക്കൻ കന്പനിക്ക് നൽകിയ നാല് ഏക്കർ ഭൂമി സർക്കാർ തിരിച്ചെടുക്കുക എന്നി ആവശ്യങ്ങളിൽ സർക്കാർ ഇതുവരെയും അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. മത്സ്യബന്ധന നയത്തിൽ സർക്കാർ സ്വീകരിച്ച നയം പിൻവലിക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് നടത്തുന്ന അന്വേഷണം സ്വീകാര്യമല്ല. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയും ചേർന്നാണ് കരാറിൽ ഏർപ്പെട്ടത്. അങ്ങനെയിരിക്കെ ടി.കെ. ജോസിന്റെ അന്വേഷണം പ്രഹസനമാകും. ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രാവിലെ പൂന്തുറയിലെ ഉപവാസ സമരപന്തലിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം പൂന്തുറയിൽ രാവിലെ ഒൻപതിന് ആരംഭിച്ചു. സമരം വൈകുന്നേരം നാല് മണിക്ക് സമാപിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സത്യഗ്രഹ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.