മുക്കം: പത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുമ്പിൽ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസ സമരം.
ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര സ്വദേശിയുമായ സോമസുന്ദരൻ എന്ന ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ് ബിജെപി മലപ്പുറം ജില്ലാ ഭാരവാഹി കീഴുപറമ്പ് തൃക്കളയൂർ സ്വദേശി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ഉപവാസം നടത്തിയത്.
2014 ൽ മൂന്നു ലക്ഷം രൂപ വാങ്ങുകയും അതിൽ രണ്ട് ലക്ഷം രൂപതിരിച്ചു നൽകിയില്ല എന്നുമാരോപിച്ചായിരുന്നു ഉപവാസം.
2014ൽ ജയകൃഷ്ണൻ എന്ന സോമൻ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരൻ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്.
നിരവധി തവണ ബന്ധപ്പെട്ടതിനെ തുടർന്ന് 2018ൽ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനൽകിയതായും പരാതിക്കാരൻ പറയുന്നു.
ബാക്കി പണത്തിനായി നിരവധി നേതാക്കളെ ഉൾപ്പെടെ ബന്ധപ്പെടുത്തി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലന്നും അവസാനത്തെ ആശ്രയമെന്ന നിലക്കാണ് സമരം ആരംഭിച്ചതെന്നും പരാതിക്കാരൻ പറഞ്ഞു.
സമരത്തിനിടെ അനുനയ ചർച്ച നടത്തിയെങ്കിലും നാട്ടിലെ ചില സംഘപരിവാർ പ്രവർത്തകർ തന്നെ അത് പൊളിക്കുകയായിരുന്നു എന്നും പരാതിക്കാരൻ പറഞ്ഞു.
പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.