ലക്നോ: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൗമാരക്കാരിയെ വാർഡ് ബോയി പീഡിപ്പിച്ചതായി പരാതി.
ഉത്തർപ്രദേശിലെ മീററ്റിലുള്ള കെയർ നഴ്സിംഗ് ഹോമിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ആശുപത്രിയിലെ വാർഡ് ബോയി ഖ്വാസിമിനെ പോലീസ് അറസ്റ്റ് ചെയ്തു.
കടുത്ത പനിയെ തുടർന്നാണ് മജീദ്നഗർ സ്വദേശിനിയായ 18കാരിയെ മേയ് 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് പെൺകുട്ടിയെ ഐസിയുലേക്കു മാറ്റി. ഇവിടെ വച്ച് മയങ്ങാനുള്ള മരുന്ന് നൽകിയതിനു ശേഷം ഖ്വാസിം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാൽ വിഷം കുത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിക്കുന്നു.
പെൺകുട്ടി സഹോദരന്റെ ഭാര്യയോട് വിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം ലിസരി ഗേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ പ്രതിയുടെ കൂട്ടാളികൾ പരാതി പിൻവലിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു മേൽ സമ്മർദം ചെലുത്തി.
സര്‍ക്കിള്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാൻ എസ്എച്ച്ഒ ശ്രമിച്ചുവെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പെണ്‍കുട്ടിയുടെ കുടുംബം രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു എസ്എച്ച്ഒ ആദ്യം പറഞ്ഞത്. ഇതിനിടെ, വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ സഹോദരന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പീഡനം നടന്ന സമയത്ത് സിസിടിവി ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി.
ഏകദേശം 40 മിനിറ്റോളമാണ് സിസിടിവി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. സിസിടിവി ഓഫ് ചെയ്ത ശേഷമാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്.