കോഴിക്കോട്: യുപിഐ പേമെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്.
സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ ഹെല്‍പ്പ് ലൈൻ നമ്പറായ 1930 ലേക്ക് പരാതിയുമായി വിളിച്ചയാളുടെ അനുഭവം പങ്കുവച്ചാണ് പോലീസിന്റെ മുന്നറിയിപ്പ്.
“സാറെ…എന്റെ 34,000 രൂപ പോയി… ഭാര്യേടെ മാല പണയംവച്ച പൈസയാ സാറേ…’എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്.
ആശുപത്രി ബില്ല് അടയ്ക്കാനായി മാല പണയംവച്ച് യുപിഐ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്ത പണമാണ് ആ സുഹൃത്തിനു നഷ്ടമായത്.
പണം പക്ഷേ, തട്ടിച്ചെടുത്തതല്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായതെന്ന് പോലീസ് പറയുന്നു.
യുപിഐ നമ്പർ തെറ്റായി രേഖപ്പെടുത്തിയതിനാൽ മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ആയത്. ഏറെ പണിപ്പെട്ടാണെങ്കിലും പരാതിക്കാരനെ സഹായിക്കാനായെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
യുപിഐ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പ്രത്യേക കരുതൽ ഉണ്ടായിരിക്കണം. യുപിഐ നമ്പർ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തണം.
അതിനു ശേഷം മാത്രം സൂക്ഷ്മതയോടെ പേമെന്റ് തുടരണമെന്നും പോലീസ് നിര്‍ദേശിച്ചു.
അതേസമയം, ഫേസ്ബുക് പേജുകൾ മാനേജ് ചെയ്യുന്നവരുടെ പേർസണൽ പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ വ്യാജ ലിങ്കുകളോട് കൂടിയ മെസേജുകള്‍ നോട്ടിഫിക്കേഷൻ ആയി വരുന്നുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
ഇത്തരം മെസേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ/ പേജുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.