ലഖ്നൗ: ഉത്തർ പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി.
രാഷ്ട്രീയപരമായി പ്രാധാന്യമുള്ള വാരണാസി, അയോധ്യ, മഥുര എന്നിവിടങ്ങളിൽ ബിജെപി തോൽവിയറിഞ്ഞു.
ആദ്യ രണ്ടിടങ്ങളിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി നേട്ടമുണ്ടാക്കിയപ്പോൾ മഥുരയിൽ മായാവതിയുടെ ബിഎസ്പിയും അജിത് സിംഗിന്റെ ആർഎൽഡിയും വിജയം പിടിച്ചു.
യോഗി സർക്കാർ കഴിഞ്ഞ നാലു വർഷക്കാലം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ജില്ലകളാണ് ഇവ.
നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളിൽ എട്ടെണ്ണം മാത്രമേ ബിജെപി ജയിച്ചുള്ളൂ.
മഥുരയിലും എട്ടു സീറ്റിൽ ഒതുങ്ങി. 40 സീറ്റുകളുള്ള അയോധ്യ ജില്ലാ പഞ്ചായത്തിൽ ബിജെപിക്കു നേടാനായത് ആറെണ്ണം മാത്രമാണ്.
അതേസമയം സംസ്ഥാനത്തെ മൊത്തം പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുന്നിൽ തങ്ങളാണെന്ന് ഒരുപോലെ അവകാശവാദവുമായി നിൽക്കുകയാണ് ബിജെപിയും എസ്പിയും.