നിയാസ് മുസ്തഫ
ഉത്തർപ്രദേശിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വരുമെന്ന കണക്കുകൂട്ടലിൽ കോണ്ഗ്രസ്.
അങ്ങനെ സംഭവിച്ചാൽ മഹാരാഷ് ട്രയിൽ നടന്നതുപോലെ ബിജെപിക്കെതിരേ പ്രതിപക്ഷ കക്ഷികളോടൊപ്പം ചേർന്ന് അധികാരത്തിലെത്താൻ കഴിയുമെന്നും അവർ കണക്കുകൂട്ടുന്നു.
ഈയൊരു ലക്ഷ്യംകൂടി വച്ചുകൊണ്ടാണ് യുപിയിലെ 403 സീറ്റുകളിലും വിരലിലെണ്ണാവുന്ന ചില പ്രാദേശിക കക്ഷികളുടെ പിന്തുണ മാത്രം തേടിക്കൊണ്ട് കോണ്ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നത്.
ആലോചന തുടങ്ങി
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ ഉയർത്തിക്കാട്ടണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.
ബിജെപിക്ക് തുടർഭരണം ലഭിച്ചാൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
അതല്ല, പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയാണ് അധികാരത്തിലെത്തുന്നതെങ്കിൽ അഖിലേഷ് യാദവ് മുഖ്യമന്ത്രി ആകുമെന്നും ഉറപ്പിക്കാം.
ഈ സാഹചര്യത്തിൽ, കോണ്ഗ്രസിന് അധികാരത്തിലെത്താൻ കഴിഞ്ഞാൽ ആരായിരിക്കും അവരുടെ മുഖ്യമന്ത്രി ആകുക? ഈ ചോദ്യം യുപി രാഷ്ട്രീയത്തിൽ ഉയരാൻ തുടങ്ങിയിട്ട് നാളുകളായി.
ഇതുവരെ കോണ്ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടുന്നില്ലായെന്നതാണ് യാഥാർഥ്യം.
എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ യുപിയിൽ കോണ്ഗ്രസിന് ഒരു മുഖ്യമന്ത്രി സ്ഥാനാർഥി വേണമെന്ന ചിന്ത പ്രധാന നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലുണ്ട്.
അവർ പ്രധാനമായും പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ചിന്താഗതിക്കാരാണ്.
പ്രിയങ്ക തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായൊരു തീരുമാനം വന്നിട്ടില്ല.
എന്നാൽ ഇന്നലെ യുവാക്കൾക്കായുള്ള പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്ക് വരുമെന്ന സൂചന പുറത്തുവന്നിരിക്കുകയാണ്.
മറുവാദം
യുപിയിൽ കോൺഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിൽ വരാനുള്ള വിദൂര സാധ്യതപോലും ഇല്ല. മഹാരാഷ്ട്ര മോഡൽ ആവർത്തിച്ചാൽ മാത്രമേ കോൺഗ്രസിന് അധികാരത്തിലെത്താനാവൂ.
ഈ സാഹചര്യത്തിൽ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടുന്നത് പ്രിയങ്കയുടെ ഇമേജിനെ ബാധിക്കുമെന്ന് വാദിക്കുന്നവരും കോൺഗ്രസ് നേതൃത്വത്തിലുണ്ട്.
അറിയിക്കാം
ബിജെപി യോഗി ആദിത്യനാഥിന്റെയും സമാജ്വാദി പാർട്ടി അഖിലേഷ് യാദവിന്റെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ യുപിയിൽ തന്റെ മുഖമല്ലേ എല്ലായിടത്തും കാണുന്നതെന്നും അക്കാര്യത്തിൽ സംശയമുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു.
എന്നാൽ ഇതു സംബന്ധിച്ച തുടർന്നുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ, മുഖ്യമന്ത്രി സ്ഥാനാർഥി ആകുമോ എന്നൊക്കെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും ആകുന്ന മുറയ്ക്ക് അറിയിക്കാമെന്നും പറഞ്ഞു.
സ്ത്രീ വോട്ടർമാരെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോണ്ഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അധികാരത്തിലെത്തിയാൽ യുവാക്കൾക്കും സ്ത്രീകൾക്കും വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രകടനപത്രികയിലൂടെ കോണ്ഗ്രസ് പ്രഖ്യാപിക്കുന്നത്.
കോണ്ഗ്രസ് സീറ്റുകളിൽ 40ശതമാനം വനിതകൾക്കായി ഇവിടെ മാറ്റിവച്ചിരിക്കുകയാണ്.