ഉപ്പള: വാടകവീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ. കുബനൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെ (22) ആണ് കുന്പള എസ്ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമ്പള ബംബ്രാണ കളത്തൂർ റോഡിലെ വാടക ക്വാർട്ടേഴ്സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇൻസ്പെക്ടർ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്.
മൂന്നു കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇതിനു രണ്ടു മാസം വളർച്ചയുണ്ടായിരുന്നു.
കുടിവെള്ളം വിതരണം ചെയ്യാനുപയോഗിക്കുന്ന 20 ലിറ്റർ വെള്ളം കൊള്ളുന്ന കാനിന്റെ മുകൾ ഭാഗം മുറിച്ചുമാറ്റി മണ്ണുനിറച്ചാണ് ഇയാൾ ഇവ നട്ടുപിടിപ്പിച്ചത്.
മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ നജീബ് മഹ്ഫൂസ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും വിൽപനയ്ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കാനാണു കൃഷി നടത്തിയതെന്നും സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
പത്തുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്ന് പോലീസ് പറഞ്ഞു. എസ്ഐയെ കൂടാതെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.സുധീർ, സിവിൽ പൊലീസ് ഓഫീസർമാരായ പി.അജയൻ, ടി.കെ.സദൻ, കൊച്ചുറാണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.