തിരുവല്ല: അപ്പര്‍ കുട്ടനാട്ടില്‍ കൃഷി നടപടികള്‍ വൈകുന്നു. നവംബര്‍ പകുതിയായിട്ടും നിരണം,കടപ്ര,പെരിങ്ങര,നെടുമ്പ്രം എന്നീ പഞ്ചായത്തുകളില്‍ നെല്‍കൃഷി ആരംഭിക്കാനുളള നടപടികള്‍ മന്ദഗതിയിലാണ്.നിരണം പഞ്ചായത്തിലെ എരതോട്, ഇടയോടി ചെമ്പ്, അരിയോടിച്ചാൽ, നിരണത്ത് തടം കടപ്ര പഞ്ചായത്തിലെ ചേന്നങ്കരി ,അയ്യങ്കോനാരി, പരുത്തിക്കൽ, കാക്കയിൽ എന്നീ പാടശേഖരങ്ങളിലൊന്നും പാടം വൃത്തിയാക്കൽ പോലും ആരംഭിച്ചിട്ടില്ല.
മിക്ക പാടശേഖരങ്ങളിലും നവംബര്‍ മധ്യത്തോടെ കൃഷി ഇറക്കുന്നതിനാണ് തീരുമാനമെടുത്തിരുന്നത്. നേരത്തേ കൃഷിയാരംഭിച്ചില്ലെങ്കിൽ വേനൽമഴയിൽ കൃഷി നാശം സംഭവിക്കാം. മാത്രമല്ല രണ്ടാം കൃഷി നടത്താനും കഴിയും. പ്രധാനമായും തൊഴിലാളി ക്ഷാമം മൂലമാണ് മിക്ക പാടശേഖരങ്ങളിലും കൃഷി നടപടികള്‍ വൈകാന്‍ ഇടയാക്കിയിട്ടുളളത്. മഴ മറാത്തതിനാൽ വിതക്കുന്ന വിത്തുകൾ നശിക്കാനും ഇടയാക്കും.
ഡിസംബർ ആദ്യമെങ്കിലും കൃഷി ആരംഭിച്ചെങ്കില്‍ മാത്രമേ വേനല്‍ മഴയ്ക്ക് മുന്‍പ് വിളവെടുപ്പ് നടത്താന്‍ സാധിക്കൂ. വരമ്പ് കുത്തി നിലങ്ങള്‍ വേര്‍തിരിക്കുന്നതാണ് ആദ്യ നടപടി. തുടര്‍ന്ന് പായലും പോളയും നീക്കി കൃഷിയിടങ്ങള്‍ ഒരുക്കണം. ഈ ജോലികള്‍ ചെയ്യുന്നത് പൊതുവേ പുരുഷ തൊഴിലാളികളാണ്.
ഈ ജോലിക്ക് ഇപ്പോള്‍ ആളെ കിട്ടാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 600 രൂപയാണ് തൊഴിലാളികളുടെ ശരാശരി കൂലി. ഈ തുകയ്ക്ക് ചേറിലിറങ്ങി പണിയെടുക്കാന്‍ മിക്ക തൊഴിലാളികളും തയാറാകാത്തതാണ് പ്രതിസദ്ധിക്ക് ഇടയാക്കിയിരിക്കുന്നത്.
മാത്രമല്ല മിക്ക തൊഴിലാളികളും പാട്ടകൃഷി ഏറ്റെടുത്ത് ചെയ്യുകയുമാണ്. ഇതും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. പുഞ്ചകൃഷി നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സമയബന്ധിതമായി കൈക്കൊളളാന്‍ അധികൃതര്‍ തയാറാകാത്തതും കാര്‍ഷിക മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
അപ്പര്‍ കുട്ടനാട് മേഖലയില്‍ നടന്നുവന്നിരുന്ന രണ്ടാം കൃഷിയും ഏതാണ്ട് മുടങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. രണ്ടം കൃഷിക്കായുളള മാര്‍ഗ നിര്‍ദേശങ്ങളോ നടപടികളോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല. കൃഷി നടപടികള്‍ ആരംഭിക്കാന്‍ വൈകുന്നതു മൂലം വരാനിരിക്കുന്ന വേനല്‍മഴ കര്ഷകന് ഭീഷണിയായി മാറിയേക്കാം.