പത്തനംതിട്ട: ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ അപ്പർകുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിക്കിടക്കാൻ തുടങ്ങിയിട്ട് നാലു മാസമായി. ജൂണ്‍ ആദ്യവാരത്തിൽ വെള്ളം കയറിയ പ്രദേശങ്ങളുണ്ട്. പൂർണമായി വെള്ളം ഇറങ്ങുന്നതിനു മുന്‍പേ അടുത്ത വെള്ളപ്പൊക്കം എന്നതായിരുന്നു സ്ഥിതി.
മഹാപ്രളയത്തിന്റെ ദുരിതം ഒരു മാസത്തോളമായി തുടരുകയാണ് തിരുവല്ല താലൂക്കിലെ പല പ്രദേശങ്ങളും. ഇനി വെള്ളം ഇറങ്ങിയിട്ടില്ലാത്ത സ്ഥലങ്ങളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിയാത്ത ദുരിതങ്ങൾ വർധിപ്പിക്കുകയാണ്.
വീടുകളിലേക്കു മടങ്ങിവരാനാകാതെ ക്യാന്പുകളിലും മറ്റും കഴിയുന്നവരും നിരവധിയാണ്. വെള്ളം ദിവസങ്ങളോളം കെട്ടിനിന്നതിനാൽ പല വീടുകളും തകർച്ചയിലാണ്. വീടുകൾക്കുള്ളിൽ തീ കത്തിക്കാനോ കിടക്കാനോ ആകാത്ത സ്ഥിതിയിലുമുണ്ട്. മഴക്കാലത്ത് എല്ലാവർഷവും ദുരിതം പേറുന്നവരാണ് തിരുവല്ലയുടെ പടിഞ്ഞാറൻ നിവാസികളെങ്കിലും ഇത്തരമൊരു ദുരിതം ഇവർക്ക് ആദ്യമാണ്.
പെരിങ്ങര, മേപ്രാൽ ഭാഗങ്ങളിലെ കോളനികളിലാണ് ദുരിതമേറെയും. പെരിങ്ങരയിലെ കഴുപ്പിൽ കോളനി, മുണ്ടപ്പള്ളി, വേങ്ങൾ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. കഴുപ്പിൽ കോളനിയിൽ 100 കുടുംബങ്ങളുണ്ട്.
ഇവർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂരഹിതർക്കുള്ള ഭൂമിദാന പദ്ധതിയിൽ മറ്റു സ്ഥലങ്ങളിൽ ഭൂമി അനുവദിച്ചിരുന്നു. എന്നാൽ ഓരോ കാരണങ്ങളാൽ ഭൂമി ഏറ്റെടുത്ത് താമസംമാറാനായില്ല. കടപ്ര വില്ലേജിലെ പുളിക്കീഴ് പന്പ റിവർ ഫാക്ടറിക്കു സമീപത്തെ കോളനി നിവാസികൾക്ക് പ്രളയം എല്ലാം നഷ്ടമാക്കിയിരുന്നു. വീടുകൾക്കും വ്യാപക നഷ്ടം നേരിട്ടു.