മാന്നാർ: ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ഭവനങ്ങളിലേക്ക് മടങ്ങിയവർക്ക് വീണ്ടും ദുരിതം വിതച്ച് പേമാരി. അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിൽ മഴക്കെടുതി വിതച്ച ദുരിതം ഏറെയാണ്. രണ്ടാഴ്ചത്തെ ക്യാന്പ് വാസം കഴിഞ്ഞ് പ്രളയബാധിതർ വീടുകളിലേക്ക് മടങ്ങി ജീവിതം തിരികെ പിടിക്കുവാനുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് വീണ്ടും പ്രളയ ഭീഷണി ഉയർന്നിരിക്കുന്നത്.
മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ പാവുക്കര, വള്ളക്കാലി, മേൽപ്പാടം ഭാഗങ്ങൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പൂർണമായും ഒറ്റപ്പെട്ടിരുന്നു. ഈ ഭാഗങ്ങളിൽ 1500 കുടുംബങ്ങളാണ് ആറ് ക്യാന്പുകളിലായി കഴിഞ്ഞത്. വീടുകളിൽ വെള്ളം കയറി നശിച്ചവർ അറ്റകുറ്റ പണികൾ നടത്തി വാസയോഗ്യമാക്കി താമസം തുടങ്ങിയപ്പോഴേക്കും വീണ്ടും വീടുകളിൽ വെള്ളം കയറിയത് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തി.
ആദ്യ ദുരിതത്തിന്റെ സർക്കാർ സഹായം ലഭിച്ച് തുടങ്ങിയപ്പോഴേക്കുമാണ് വീണ്ടും പ്രളയക്കെടുതി ഉണ്ടായിരിക്കുന്നത്. ചെന്നിത്തല, ഇരമത്തൂർ, വള്ളാംകടവ് പ്രദേശങ്ങൾ വീണ്ടും വെള്ളത്തിലായത് ദുരിതം ഇരട്ടിച്ചു. വീണ്ടും ക്യാന്പുകളെ തന്നെ ശരണം പ്രാപിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളവർക്ക് വന്നിരിക്കുന്നത്.
ആനത്തോട്, മൂഴിയാർ ഡാമുകളും തുറക്കുന്ന അവസ്ഥ വന്നാൽ ഈ ഭാഗങ്ങളിൽ വീണ്ടും ജലനിരപ്പ് ഉയരും. ഇത് ദുരിതങ്ങൾക്ക് ആക്കം കൂട്ടുവാൻ കാരണമാകും. കഴിഞ്ഞ ദിവസം കേന്ദ്ര സംഘമെത്തി മഴക്കെടുതി വിലയിരുത്തി പോയതിന് ശേഷമാണ് വീണ്ടും ദുരിതം ഉണ്ടായിരിക്കുന്നത്.
ചെന്നിത്തലയിലും മാന്നാറിലും സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ വീണ്ടും പ്രളയക്കെടുതി ഉണ്ടായത് കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ നടത്തി വരുന്നുണ്ട്.