കടുത്തുരുത്തി: നിരന്തരമായ വെള്ളക്കെട്ടിനെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിൽ തെങ്ങുകൾ ഉൾപടെയുള്ള ഫലവൃക്ഷങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നു. ഒരുതവണ കയറുന്ന വെള്ളം ഏറെനാളുകൾ കഴിഞ്ഞാലും ഇറങ്ങാത്തതാണ് കൃഷിനാശത്തിന് വഴി വയ്ക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷത്തിൽ പലതവണയാണ് പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടാകാറുള്ളത്.
മരങ്ങളുടെ ചുവട്ടിൽ വെള്ളം നിരന്തരമായി കെട്ടി നിൽക്കുന്നതിനെ തുടർന്ന് ഇലകൾക്കു മഞ്ഞളിപ്പ് രോഗം ബാധിച്ചു ക്രമേണ ഉണങ്ങി നശിക്കുകയാണ്. ആഞ്ഞിലി, പ്ലാവ്, മഹാഗണി ഉൾപെടെയുള്ള വൻവൃക്ഷങ്ങളും ജാതി, കമുക്, തെങ്ങ്, ഗ്രാന്പു എന്നിവ ഉൾപെടെയുള്ള കാർഷിക വിളകളും മഞ്ഞളിപ്പുരോഗം ബാധിച്ച് ഉണങ്ങി നശിക്കുകയാണ്. കല്ലറ, വെള്ളാശ്ശേരി, എഴുമാന്തുരുത്ത്, എരുമത്തുരുത്ത്, പൂവാശേരി, ആപ്പുഴ, വാലാച്ചിറ, മാന്നാർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും വ്യാപകമായി നശിക്കുകയാണ്.
നൂറുകണക്കിന് തെങ്ങുകളാണ് കായ്ഫലമില്ലാതെ ഈ പ്രദേശങ്ങളിൽ പാഴ്മരങ്ങളെ പോലെ നിൽക്കുന്നത്. പാടശേഖരങ്ങളിൽ നിന്നു കൃഷിയ്ക്കുശേഷം പുറന്തള്ളുന്ന പുളിവെള്ളം ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നതും തെങ്ങുകൾ നശിക്കുന്നതിനുള്ള പ്രധാന കാരണമായി കർഷകർ പറയുന്നു. കൂടാതെ മാസങ്ങളോളം നീണ്ടുനിൽക്കുന്ന വെള്ളക്കെട്ടും കർഷകർക്കു ഭീഷണിയാണ്.
അപ്പർ കുട്ടനാടൻ പ്രദേശങ്ങളിലെ തോടുകളിൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപെടുത്തി മുള്ളൻ പായലും എക്കലും മറ്റു മാലിന്യങ്ങളും നിറയുന്നതും വെള്ളപ്പൊക്കത്തിനുള്ള കാരണങ്ങളാണ്. അപ്പർ കുട്ടനാടൻ പ്രദേശത്തെ വെള്ളക്കെട്ടു പരിഹരിക്കുന്നതിനുള്ള ശാശ്വതമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. വർഷകാലത്ത് നിറഞ്ഞൊഴുകുന്ന പ്രദേശത്തെ തോടുകൾ വെയിലിന് ശക്തിയേറുന്നതോടെ വറ്റി വരളുന്നതും പ്രദേശവാസികൾക്കും കൃഷിക്കും ഭീഷിണിയാണ്.
ഏല്ലാവർഷവും അപ്പർ കുട്ടനാടൻ പ്രദേശത്തെ എതെങ്കിലും തോടിന്റെ ആഴം കൂട്ടുന്നതിനെന്ന പേരിൽ സർക്കാർ കുറെ പണം അനുവദിക്കുമെങ്കിലും പ്രദേശവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ ഇതൊന്നും പര്യാപ്തമല്ല. വെള്ളപൊക്കമുണ്ടാകുന്പോൾ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതല്ലാതെ വെള്ളപ്പൊക്ക പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കണ്ടെത്താൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
വെള്ളപ്പൊക്ക പ്രശ്നം പരിഹരിക്കുന്നതിനു പ്രദേശവാസികൾ തന്നെ പരിഹാരം നിർദേശിക്കുന്നുണ്ടെങ്കിലും അതു നടപ്പാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും നടക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രദേശത്തെ തോടുകളിൽ നീരൊഴുക്ക് തടസപ്പെടുത്തി തിങ്ങി വളരുന്ന മുള്ളൻപായൽ ഇല്ലാതായാൽ വെള്ളപ്പൊക്ക പ്രശ്നം മുക്കാൽ ശതമാനത്തിലേറേ പരിഹരിക്കുന്നതിനു കഴിയുമെന്നും ഇതിനായി കരിവേലി ഉൾപെടെയുള്ള ഓരുമുട്ടുകൾ തുറന്ന് സമയബന്ധിതമായി ഓരുവെള്ളം കയറ്റി വിടണമെന്നും വർഷങ്ങളായി നാട്ടുകാർ ആവശ്യപെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും യാതൊരു നടപടികളും ഇനിയും ഉണ്ടായിട്ടില്ല.