കൂത്തുപറമ്പ്: പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ മത്സ്യ വിൽപനയിൽ പുതുവഴി തേടിയിരിക്കുകയാണ് പൂക്കോട്ടെ യു.പി.വിനോദ്. പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്ന ഈ മാസം ഒന്നുമുതൽ പഴയകാല രീതിയായ ഇലയിലാണ് വിനോദിന്റെ മത്സ്യവിൽപന.
ആറ് വർഷത്തിലധികമായി മത്സ്യ വില്പന നടത്തുന്ന ഇദ്ദേഹം പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതു മുതൽ തന്റെ മത്സ്യ സ്റ്റാളിൽ നിന്നും പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കിയിരിക്കുകയാണ്.
പൂക്കോട് -പാനൂർ റോഡിലുള്ള വിനോദിന്റെ മത്സ്യ സ്റ്റാളിൽ ഉപ്പില ഇലയിൽ പൊതിഞ്ഞാണ് മത്സ്യം നൽകുന്നത്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഇതിനു മുകളിൽ പേപ്പറും പൊതിഞ്ഞു നല്കുന്നുണ്ട്.നല്ല അഭിപ്രായമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നതെന്ന് വിനോദ് പറയുന്നു.
ഉപ്പില ഇല കിട്ടാനില്ലാത്തതാണ് ചെറിയൊരു ബുദ്ധിമുട്ട്. വിനോദിന്റേത് നല്ലൊരു മാതൃകയാണെന്നായിരുന്നു മത്സ്യം വാങ്ങാനെത്തിയ ഒട്ടുമിക്ക ആളുകളുടെയും പ്രതികരണം.