സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍നിന്നു കുട്ടികള്‍ ആസിഡ് കുടിക്കാനിടയായ സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിനു ഭക്ഷ്യസുരക്ഷാ വകുപ്പ്. സംഭവമുണ്ടായ വരക്കല്‍ ബീച്ച് പ്രദേശത്തെ തട്ടുകടകളില്‍ ഉപ്പിലിട്ടതും വിനാഗിരിയില്‍ ഇട്ടതും ഇവ തയാറാക്കാന്‍ ഉപയോഗിച്ചു വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങള്‍ എന്നിവയുടെ അഞ്ച് സാമ്പിളുകള്‍ വിശദമായി പരിശോധനക്കയച്ചു.
ഇതിന്റെ ഫലം ഇന്നു വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കും.ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം അസിറ്റിക് ആസിഡ് പാടുള്ളെന്നിരിക്കെ പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കാനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്നതിനായി നേര്‍പ്പിക്കാത്ത അസിറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ വിമല്‍ “രാഷ്ട്ര ദീപിക’ യോടു പറഞ്ഞു.
അതേസമയം, കുട്ടി കുപ്പിവെള്ളമെന്നു കരുതി വിനാഗിരി എടുത്തു കഴിച്ചതാണ് അപകട കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീര്യം കൂടിയ അസ്റ്റിക് ആസിഡ് കടകളില്‍ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഫുഡ് സേഫ്റ്റി -കോര്പറേഷന് ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കുമെന്ന് ഇരു വിഭാഗങ്ങളുടെയും മേധാവികള്‍ അറിയിച്ചു.
അതേസമയം നേരത്തെ തന്നെ ഇക്കാര്യത്തെകുറിച്ചു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. കച്ചവടക്കാരെ ദ്രോഹിക്കുന്നു എന്ന രീതിയില്‍ പ്രചാരണം വന്നതോടെ പരിശോധനയും നിലയ്ക്കുകയായിരുന്നു.
പ്രാഥമിക കണ്ടെത്തലുകൾ…
ബീച്ചിലെത്തി ഉപ്പിലിട്ടത് കഴിച്ച കാസര്‍കോട്ട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് വലിയ രീതിയില്‍ പൊള്ളലേറ്റത്. ഇതിനെത്തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയം ആരെയും ഞെട്ടിക്കുന്നതാണ്.
പഴങ്ങള്‍ പെട്ടെന്ന് ഉപ്പ് പിടിക്കാന്‍ ആസിഡ് പ്രയോഗം നടത്തുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം ഉപ്പിലിട്ടതിനെതിരേ പലതവണ ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്പറേഷന് ആരോഗ്യവിഭാഗവുമെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ആരും ഈ മുന്നറിയിപ്പൊന്നും കാര്യമായെടുക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഓര്‍മിപ്പിക്കുന്നത്.
ഉപ്പുപിടിക്കാന്‍ സഹായിക്കുന്ന വീര്യം കൂടിയ അസറ്റിക് ആസിഡ് നേര്‍പ്പിക്കാതെ പോലും ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പലരും ഇതു രഹസ്യമായി സൂക്ഷിക്കുന്നുമുണ്ടെന്നാണ് ലഭിച്ച വിവരം.
ഞായറാഴ്ച വൈകിട്ടാണ് കാസര്‍കോട്ടുനിന്നു മദ്രസാ വിദ്യാര്‍ഥികള്‍ക്കൊപ്പം കോഴിക്കോട് എത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദും സാബിദും വരക്കല്‍ ബീച്ചിലെ പെട്ടിക്കടയില്‍നിന്ന് ഉപ്പിലിട്ടത് കഴിച്ചത്.
നല്ല എരിവുള്ള കാരറ്റും പൈനാപ്പിളും കഴിച്ചതോടെ വെള്ളമെന്നു കരുതി അടുത്തുതന്നെ സൂക്ഷിച്ചിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിയിലെ വെള്ളമെടുത്തു കുടിച്ച മുഹമ്മദിനാണ് ആദ്യം പൊള്ളലേറ്റത്.
അസ്വസ്ഥത തോന്നിയ മുഹമ്മദ് പെട്ടെന്നു തുപ്പുകയും അതു കൂടെയുള്ള സാബിദിന്റെ പുറത്തുവീഴുകയും ചെയ്തു. ഇരുവര്‍ക്കും കടുത്ത പൊള്ളലേറ്റു.
ലായനി കുടിച്ചയുടന്‍ മുഹമ്മദിന്റെ ശ്വാസം പൂര്‍ണമായും നിലച്ചുപോയെന്നു സഹോദരന് പറയുന്നു. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാനായതാണ് ഭാഗ്യമായത്.
പിന്നീട്, മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിനാഗിരി കുടിച്ചതാണെന്നു പറഞ്ഞു തിരിച്ചയച്ചു. പക്ഷേ, നാട്ടിലെത്തിയതോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
പുറത്തു പൊള്ളലേറ്റ കുട്ടിയുടെ ദേഹത്തെ തൊലി കറുത്തുപോയിട്ടുണ്ട്. വായിലും അന്നനാളത്തിലും കുമിളകള്‍ ഉള്ളതിനാല്‍ എന്‍ഡോസ്കോപ്പി ചെയ്യാനാവുന്നില്ലെന്നും കൂടുതല്‍ പൊള്ളലേറ്റോ എന്നു മനസിലാക്കാനാവുന്നില്ലെന്നും കുട്ടികളുടെ വീട്ടുകാര്‍ പറയുന്നു.
രണ്ടു കുട്ടികളെയും ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു ബന്ധുക്കള്‍ അറിയിച്ചു.