ബരാബങ്കി: സ്ത്രീ സുരക്ഷയെ കുറിച്ച് ക്ലാസെടുക്കാനെത്തിയ ഉത്തർപ്രദേശ് പോലീസിനെ ഉത്തരംമുട്ടിച്ച് കൗമാരക്കാരി. പോലീസ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായുള്ള സന്ദർശനത്തിനിടെയാണു പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മുനിബ കിദ്വായിയുടെ ചോദ്യങ്ങൾക്ക് ഉത്തരംനൽകാനാകാതെ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്. ഗൗതം കുഴങ്ങിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബരാബങ്കിയിലെ ആനന്ദ് ഭവൻ സ്കൂളിൽ എത്തിയ പോലീസ് സംഘത്തിൻറെ തലവൻ ഗൗതം സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ദീർഘമായ ക്ലാസ് നൽകി. ഇതിനുശേഷമാണ് ഉന്നാവോ സംഭവം മുൻനിർത്തി വിദ്യാർഥിനി പോലീസിനോടു ചോദ്യങ്ങൾ ഉതിർത്തത്. വിദ്യാർഥിനിക്കു മറുപടി നൽകാനാകാതെ പോലീസ് അസ്വസ്ഥമാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിങ്ങൾ പറയുന്നു ഞങ്ങൾ ശബ്ദമുയർത്തണമെന്ന്, പ്രതിഷേധിക്കണമെന്ന്. ഒരു പെണ്കുട്ടിയെ ബിജെപി എംഎൽഎ പീഡിപ്പിച്ചു. ആ വാഹനാപകടം (ഉന്നാവോ ഇര സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ചുകയറിയത്) യാദൃശ്ചികമല്ല എന്ന് എല്ലാവർക്കുമറിയാം. ആ ട്രക്കിന്റെ നന്പർ മായ്ക്കപ്പെട്ടിരുന്നു. ഒരു സാധാരണക്കാരനാണു സംഭവത്തിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ പ്രതിഷേധിക്കാമായിരുന്നു, എന്നാൽ ശക്തനായ ആളാകുന്പോഴോ- മുനിബ ചോദിച്ചു.
പ്രതിഷേധിച്ചാലും ഒന്നും സംഭവിക്കില്ലെന്നു നമുക്കറിയാം. അഥവാ നടപടിയെടുത്തെങ്കിൽ തന്നെ അതുകൊണ്ടു കാര്യവുമുണ്ടാകില്ല. ആ പെണ്കുട്ടി ഗുരുതരാവസ്ഥയിലാണ്. ഞങ്ങൾ പ്രതിഷേധിച്ചാൽ എങ്ങനെയാണ് നിങ്ങൾ നീതി ഉറപ്പുവരുത്തുക. എത്രകാലം നിങ്ങൾക്ക് എന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയും.
എനിക്ക് ഒന്നും സംഭവിക്കില്ല എന്നതിന് എന്തുറപ്പാണ് നിങ്ങൾക്കു നൽകാൻ കഴിയുക- പെണ്കുട്ടി ചോദിക്കുന്നു. മുനിബയുടെ ദൈർഘ്യമുള്ള ചോദ്യങ്ങളെ കൈയടിച്ചുകൊണ്ടാണ് സഹപാഠികൾ സ്വീകരിച്ചത്. യുപിൽ വിവിധ സ്കൂളുകളിൽ പോലീസ് സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ക്ലാസുകൾ എടുക്കുന്നുണ്ട്.