ഫ്‌ളവേഴ്‌സ് ചാനലില്‍ സൂപ്പര്‍ഹിറ്റായി പൊയ്‌ക്കൊണ്ടിരുന്ന ഉപ്പും മുളകും സംവിധായകന്റെ മികവായാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു ചാനലിലെ ജനപ്രിയ പരിപാടിയുടെ സംവിധായകനായിരുന്ന ഉണ്ണികൃഷ്ണന്‍ ഒരു സുപ്രഭാതത്തില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ എത്തുകയായിരുന്നു.
ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സംവിധായകനെ മാറ്റിയാല്‍ ഉപ്പും മുളകും വെറും ചപ്പും ചവറുമായി തീരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തല്‍ക്കാലത്തേക്ക് സംവിധായകനെ മാറ്റിനിര്‍ത്തുക, നീലുവിനെ ഒഴിവാക്കുന്ന രീതിയില്‍ കഥയില്‍ വഴിത്തിരിവുണ്ടാക്കുക,നായകനെ രണ്ടാമതൊരു വിവാഹം കഴിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ അണിയറ പ്രവര്‍ത്തകരുടെ മനസിലുണ്ട് എന്നാണ് അറിയുന്നത്. പ്രശ്‌നം ഒന്ന് ഒതുങ്ങുമ്പോഴേക്കും ഉണ്ണികൃഷ്ണനെ തിരിച്ചെടുക്കാം എന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്.
‘ഉപ്പുംമുളകും’ സീരിയലില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്ന സംവിധായകനെ മാറ്റാതെ താന്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ നിഷാ സാരംഗ് ഉറച്ചതോടെയാണ് ആരോപണ വിധേയനായ സംവിധായകനെ ഒഴിവാക്കാന്‍ ചാനല്‍ ആലോചിച്ചത്. ചാനലിലെ തന്നെ മറ്റൊരു സംവിധായകനായിരിക്കും പുതിയ ചുമതല. നിഷ സീരിയലില്‍ തുടരുമെന്ന് ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ സീരിയല്‍ തുടങ്ങി ഒരാഴ്ചക്കുള്ളില്‍ തന്നെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നാണ് നിഷ പറയുന്നത്. തന്നെ മാറ്റാനും ശ്രമിച്ചിരുന്നു. ചാനല്‍ വഴങ്ങാത്തതിനാലാണ് അത് നടക്കാതെ പോയതെന്നും നിഷ വെളിപ്പെടുത്തി.
അമ്മ, ആത്മ, ഡബ്ല്യു.സി.സി തുടങ്ങിയ സംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പരാതിയുമായി മുന്നോട്ടുപോകുന്നതിന് തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തയ്യാറായില്ലയെന്നും ശ്രദ്ധേയമായി.