ഫഌവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയല്‍ മിനിസ്ക്രീനില്‍ സൂപ്പര്‍ഹിറ്റാണ്. ഒരു കുടുംബത്തില്‍ നടക്കുന്ന നിത്യസംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ഈ പരമ്പരയില്‍. ആരാധകര്‍ ഏറ്റെടുത്തതോടെ സീരിയലും അതിലെ അഭിനേതാക്കളും ജനമനസുകളിലേക്ക് കടന്നുകയറിയിരിക്കുകയാണ്. അതിനിടെയാണ് ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി എന്ന രാജസ്ഥാനി പെണ്‍കുട്ടി ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇനിയൊരു സീരിയലിലോ സിനിമയിലോ അഭിനയിക്കില്ലെന്നാണ് അമ്മയിലൂടെ മലയാളി വേരുള്ള ഈ 18കാരി പറയുന്നത്.
ജൂഹിയുടെ വാക്കുകള്‍ ഇങ്ങനെ- എന്റെ ക്ലാസ്‌മേറ്റിന്റെ അച്ഛനാണ് ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ഉണ്ണി സാര്‍. ഞാന്‍ അവന്റെ ബര്‍ത്ത് ഡേ യ്ക്ക് പോയപ്പോഴാണ് സാര്‍ എന്നെ കാണുന്നത്. അങ്ങനെയാണ് ഉപ്പും മുളകും എന്ന സീരിയലില്‍ എത്തുന്നത്. എന്നെപോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയാണ്, മടിച്ചിയാണ്. ഒരു എണ്‍പത് ശതമാനത്തോളം ഞാന്‍ തന്നെയാണ് ലച്ചുവും. എനിക്ക് ആകെ 18 വയസ്സ് ആയുള്ളു. ഇപ്പോള്‍ ഉണ്ടാകുന്നത് എക്‌സപീരിയന്‍സസ് ആണ്. ഇനി സിനിമയില്‍ പോയാലും ഇതേ എക്‌സ്പീരിയന്‍സസ് തന്നെയാണ് ഉണ്ടാവാന്‍ പോകുന്നത്. പക്ഷേ, എനിക്ക് ഇനി പഠിക്കാനും, ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് താല്‍പര്യം. അങ്ങനെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ആണ് ഇഷ്ടം. ഇപ്പോള്‍ ഉള്ള ലൈഫ് മിസ്സ് ചെയ്യുമോ എന്ന് ചേദിച്ചാല്‍ മിസ്സ് ചെയ്യുമായിരിക്കും. പക്ഷേ കുറേ ഓര്‍മ്മകള്‍ ഉണ്ട് എനിക്ക്. അത് മതി ഇനി.
ഞാന്‍ ഫാഷന്‍ ഡിസൈനിങ്ങ് ചെയ്യുകയായിരുന്നു. അതും പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. ഇനി എയര്‍പ്പോര്‍ട്ട് മാനേജ്മന്റ് പഠിക്കാനാണ് എന്റെ താല്‍പര്യം. പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ഷോപ്പ് ഉണ്ട്. അത് നോക്കി നടത്താനും സഹായിക്കണം. ഇപ്പോള്‍ ഫാമിലി ലൈഫ് നന്നായി മിസ്സ് ചെയ്യുന്നുണ്ട്. എന്റെ അച്ഛന്‍ രാജസ്ഥാനിയാണ്. അമ്മ മലയാളിയും. എനിക്ക് ഒരു ചേട്ടനുണ്ട്. ഇവരുടെ കൂടെ ചിലവഴിക്കാന്‍ സമയം കിട്ടാറേയില്ല. ഇനി ഇവരുടെ കൂടെ ഇവരിലൊരാളായി ഒരു സാധാരണ ലൈഫാണ് എനിക്ക് താല്‍പര്യം. ഇതൊക്കെയാണ് ആഗ്രഹം.