ശ്രീജിത് കൃഷ്ണന്
കാഞ്ഞങ്ങാട്: പഴയ വീടുകളിലെല്ലാം കാണും മഞ്ഞ ടോപ്പും വെളുത്ത ബോട്ടവും ഉരുണ്ട പിടിയുള്ള ചേലുള്ള അടപ്പുമൊക്കെയുള്ള ഒന്നുരണ്ട് ഉപ്പുമാങ്ങ ഭരണികള്‍.
മധ്യവേനല്‍ അവധിക്കാലത്തെ മാങ്ങയുടെ സ്വാദ് മാസങ്ങള്‍ കഴിഞ്ഞ് മഴക്കാലത്തെ ഒരു പനിക്കോളിനിടയില് ചൂടുകഞ്ഞിക്കൊപ്പം അകത്താക്കുന്നതിന്റെ സുഖവും മിക്കവരുടെയും ബാല്യകാല ഓര്‍മകളില്‍ കാണും.
അണുകുടുംബങ്ങളുടെ കാലം വന്നപ്പോള്‍ പറമ്പിലെ മാങ്ങ ശേഖരിച്ച് തുടച്ചു വൃത്തിയാക്കി ഉപ്പുവെള്ളത്തിലിട്ട് അടച്ചുവയ്ക്കാനൊന്നും ആര്‍ക്കും നേരമില്ലാതെയായി.
പുതുതലമുറയ്ക്ക് ഉപ്പുമാങ്ങയെന്നാല് പാതയോരങ്ങളിലെ ഫൈബര്‍ ഭരണികളില്‍ കാണുന്ന വില്പനവസ്തുവായി.
പഴയ ഉപ്പുമാങ്ങ ഭരണികള്‍ പലയിടത്തും ഷോക്കേസുകളിലേക്ക് സ്ഥാനംമാറി.ഷോക്കേസില്‍ വയ്ക്കാനാണെങ്കില്‍ അതിനായിക്കോട്ടെ.
അല്ല ഉപ്പും പുളിയും മധുരവുമുള്ള ആഹാരസാധനങ്ങള്‍ ഫൈബര്‍-പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ ഇട്ടുവയ്ക്കാനാണെങ്കില് അതിനുമാകാം. പിഞ്ഞാണഭരണികള് വീണ്ടും വിപണിയിലെ താരമാവുകയാണ്.
പഴയ യൂണിഫോമില്‍ മാത്രമല്ല, കറുപ്പും തവിട്ടും നിറങ്ങളുടെ ചന്തത്തിലും മറ്റു വിവിധ നിറങ്ങളിലും ചിത്രപ്പണികളോടുകൂടിയും കൂടുതല്‍ വ്യത്യസ്തമായ ആകൃതികളിലും വലിപ്പത്തിലുമെല്ലാം വില്പനയ്ക്കെത്തുന്ന പിഞ്ഞാണ ഭരണികള്‍ പ്രദര്‍ശനമേളകള്‍ തൊട്ട് പാതയോരങ്ങളില്‍ വരെ ആരെയും പെട്ടെന്നാകര്‍ഷിക്കുന്ന കാഴ്ചയായി മാറുന്നു.
രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും നിന്നുള്ള നാടോടി വിഭാഗക്കാരാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പിഞ്ഞാണപ്പാത്രങ്ങളുടെ വില്പനയ്ക്കായി കേരളത്തിലെത്തുന്നത്.
മുന്‍കാലങ്ങളില്‍ പരമാവധി ഇരുനൂറോ മുന്നൂറോ രൂപയ്ക്ക് കിട്ടിയിരുന്ന പഴയ ഉപ്പുമാങ്ങാ ഭരണിക്ക് ഇപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപവരെയാണ് വില.
ഷോക്കേസില്‍ വയ്ക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറുതിനുതന്നെ നൂറ്റമ്പതും ഇരുനൂറും രൂപ വിലയുണ്ട്.
പാത്രങ്ങളുടെ ആകാരഭംഗിയും ചിത്രപ്പണികളും കൂടുന്നതിനനുസരിച്ച് വിലയും കൂടുന്നു. മുന്‍കാലങ്ങളിലെ വീടുകളില്‍ കാണാവുന്ന തരത്തിലുള്ള ഇടത്തരം ഭരണിക്ക് എഴുനൂറു മുതല്‍ തൊള്ളായിരം രൂപ വരെ വിലയുണ്ട്. ഏറ്റവും വലുതിന് ആയിരത്തി എഴുനൂറും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം കിട്ടിയ വിഷു വിപണിയില്‍ സാമാന്യം നല്ല വില്പന തന്നെ ലഭിച്ചതായി ഇവര്‍ പറയുന്നു.
ദൈനംദിന ആവശ്യങ്ങളേക്കാള്‍ ഷോക്കേസില്‍ വയ്ക്കാവുന്ന തരത്തിലുള്ള കുഞ്ഞുപാത്രങ്ങള്ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍.
സ്വീകരണമുറിയിലും മറ്റും ആകര്ഷകമാകാവുന്ന തരത്തില്‍ വയ്ക്കാന്‍ വലിയ പാത്രങ്ങള്‍ തന്നെ വാങ്ങിച്ചവരും ഉണ്ടായിരുന്നു.
അരിയും മറ്റും ഇട്ടു സൂക്ഷിക്കുന്നതിനും ഈ പാത്രങ്ങള്‍ മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയവരും ഉണ്ടായിരുന്നു.
മഴക്കാലമെത്തുന്നതുവരെ പാത്രങ്ങളുമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിക്കുമെന്ന് വില്പനക്കാര് പറഞ്ഞു.
ഇവരുടെ നാട്ടില്‍നിന്നും നിരവധി പേര് ഇതുപോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്.
രണ്ടുവര്‍ഷത്തെ വറുതിക്കാലത്തിന്റെ നഷ്ടം ചെറുതായെങ്കിലും മായ്ച്ചുകളയാന്‍ ഈ വര്‍ഷത്തെ കച്ചവടം കൊണ്ട് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.