വടക്കഞ്ചേരി: മംഗലംഡാം ഉപ്പുമണ്ണിൽ ഭൂമിപിളർന്ന് നില്ക്കുന്നതിനാൽ ഇപ്പോൾ അപകട സാധ്യതയില്ലെന്നും എന്നാൽ രണ്ടുദിവസം തുടർച്ചയായി മഴ പെയ്ത് വിള്ളലുണ്ടായിട്ടുള്ള കൃഷിഭൂമിയുടെ അടിയിൽനിന്നും വീണ്ടും ഉറവ രൂപപ്പെട്ടാൽ വലിയ മണ്ണിടിച്ചിലിനു സാധ്യത കൂടുതലാണെന്നും ശാസ്ത്രസംഘം വിലയിരുത്തി.
തിരുവനന്തപുരത്തെ ദേശീയ ഭൂശാസ്ത്ര പഠനകേന്ദ്രത്തിൽനിന്നുള്ള ശാസ്ത്രസംഘം ഇന്നലെ രാവിലെ ഉപ്പുമണ്ണിലെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം പറഞ്ഞത്. നിലവിൽ ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതില്ലെന്നും വിള്ളലുണ്ടായ കുന്നിൻചെരിവിനു താഴെയുള്ള വീടുകളിൽ താമസിക്കാമെന്നും സംഘം മേധാവി അൽക്കഗോണ്ട് പറഞ്ഞു.
കുന്നിൻമുകളിലെ വെള്ളം വിള്ളലുകളിലേക്ക് ഇറങ്ങാതെ താഴേയ്ക്ക് പോകാൻ വാട്ടർചാലുകൾ നിർമിക്കണം. കുന്നിൻമുകളിൽ മണ്ണിളകുന്ന പണികളൊന്നും പാടില്ല. വിള്ളലുണ്ടായിട്ടുള്ള അർധവൃത്താകൃതിയിലുള്ള രണ്ടേക്കറോളം സ്ഥലത്തെ മണ്ണിന്റെ തോത് പരിശോധിച്ച് മാത്രമേ കുന്നുനിരങ്ങി താഴേയ്ക്ക് വരുന്പോഴുണ്ടാകുന്ന ആഘാതം എത്രത്തോളമെന്ന് പറയാനാകൂവെന്ന് സയന്റിഫിക് അസിസ്റ്റന്റ് പ്രശോഭ് രാജൻ വിശദീകരിച്ചു. ഇതിനായി മണ്ണുസാന്പിൾ എടുത്തിട്ടുണ്ട്.
അധികമഴയും റബർ റീപ്ലാന്റ് ചെയ്തതുവഴി മണ്ണ് കൂടുതൽ ഇളകിയതും പാറയില്ലാത്ത പ്രദേശമായതും കുന്നിന്റെ ഒരുഭാഗം ഒന്നാകെ താഴേയ്ക്ക് പതിക്കാനുള്ള കാരണങ്ങളായി. കുന്നുനിരങ്ങി നീങ്ങുന്നതിന്റെ പ്രാഥമിക സൂചനയാണ് ഭൂമിയിലുണ്ടാകുന്ന വിള്ളൽ. എന്നാൽ വിള്ളൽ രൂപപ്പെട്ടതിനുശേഷം മഴകുറഞ്ഞത് അപകടം ഒഴിവാക്കി. ഭൂഗർഭ ഭാഗങ്ങളിൽ സംഭരിച്ച വെള്ളമാണ് വിള്ളലിനുശേഷം പുതിയ ഉറവയിലൂടെ പുറത്തേക്കുപോയത്.
എന്തായാലും കുന്നിൻചെരിവിനു താഴെയുള്ള വീടുകളിലെ താമസക്കാരുടെ ആധിക്ക് ശാശ്വതപരിഹാരം വിദൂരമാണ്. കുന്നിനുതാഴെ റീട്ടെയ്നിംഗ് വാൾ നിർമിക്കാമെന്ന് നിർദേശമുണ്ട്. സംഘത്തിന്റെ എല്ലാ പരിശോധനകളും കഴിഞ്ഞു പൂർണ റിപ്പോർട്ട് നല്കാൻ മൂന്നുമാസമെങ്കിലും വേണമെന്നാണ് പറയുന്നത്.
രണ്ടുദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. പേമാരിയുണ്ടായ ഓഗസ്റ്റ് 16ന് രാത്രിയാണ് അന്പഴചാലിൽ കുഞ്ഞുവർക്കിയുടെ വീടിനു പിറകിലെ റബർതോട്ടത്തിൽ നാലടി താഴ്ചയിലും രണ്ടടി വീതിയിലുമായി വിള്ളൽ കാണപ്പെട്ടത്. വിള്ളലിനെ തുടർന്ന് ഇവിടത്തെ ജാനു വേലായുധന്റെ വീടു തകർന്നിരുന്നു. കിണറിലും മണ്ണിടിച്ചിലുണ്ടായി.