ഉപ്പുതറ: എട്ടുവയസുകാരിയെ മർദിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. പത്തേക്കർ കുന്നേൽ അനീഷാ(34)ണ് പിടിയിലായത്. ഹരിഹരപുരം സ്വദേശിനിയായ പെൺകുട്ടിക്കാണ് മർദനമേറ്റത്. പെൺകുട്ടിയുടെ പിതാവ് തളർവാതം വന്നു കിടപ്പിലായിരുന്നു. ഇദ്ദേഹം ഒന്നര വർഷമായി അദ്ദേഹത്തിന്റെ അമ്മയോടൊപ്പം ഒൻപതേക്കറിലെ തറവാട്ടു വീട്ടിലാണു താമസം.
പെൺകുട്ടിയുടെ അമ്മ എട്ടും അഞ്ചും രണ്ടും വയസുള്ള പെണ്‍കുട്ടികളുമായി മുസ്ലിം പള്ളിക്കു സമീപമുള്ള വാടകവീട്ടിലുമാണ് താമസിക്കുന്നത്. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന അനീഷാണ് ഒരു വർഷമായി അമ്മയുടെയും മക്കളുടെയും ചെലവു നടത്തിയിരുന്നത്.
എന്നാൽ, അനീഷ് വീട്ടിൽ വരുന്നതു പെൺകുട്ടിക്ക് ഇഷ്ടമായിരുന്നില്ല. ഇയാൾ എത്തുന്ന വിവരം രക്ഷിതാക്കളുടെ അമ്മമാരോടു പറയുമെന്നു പറഞ്ഞതോടെയാണ് പ്രതി ചൂരൽകൊണ്ടു കുട്ടിയെ മർദിക്കുന്നതു പതിവാക്കിയത്. മകളെ തല്ലുന്നതു കണ്ടിട്ടും അമ്മ തടഞ്ഞില്ലെന്നു പറയുന്നു. മർദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരമറിയിക്കുകയായിരുന്നു.
വല്യമ്മമാർ ചേർന്നു പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴിയെത്തുടർന്നു നടത്തിയ വൈദ്യപരിശോധനയിൽ മർദനമേറ്റതായി സ്ഥിരീകരിച്ചെന്നു പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.