ഉപ്പുതറ: വീടിനു മുകളിലേക്ക് തുരുതുരാ കല്ലേറ്. ആരെങ്കിലും മനപ്പൂർവം എറിയുന്നതാണെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്.
പുറത്തിറങ്ങി നോക്കുന്പോൾ ആരെയും കാണുന്നില്ല. സംഭവം പരിസരത്തെല്ലാം ചർച്ചയായ ശേഷവും കല്ലേറ് തുടരുന്നു.
ആദ്യം രാത്രിയിലായിരുന്നു കല്ലേറ്. പിന്നീട് പകലും കല്ലേറു തുടങ്ങി. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
ഇതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയതോടെ ഇപ്പോൾ വീട്ടുകാർ മാത്രമല്ല നാട്ടുകാർ ഒന്നടങ്കം ആശങ്കയിലാണ്.
ഇടുക്കി ഉപ്പുതറ പുളിങ്കട്ട പാറവിളയിൽ സുരേഷിന്റെയും സെൽവരാജിന്റെയും വീടിനു മുകളിലേക്കാണ് കല്ലുകൾ തുടരെ വന്നു വീഴുന്നത്.
ജൂലൈ രണ്ടാം തീയതിയായിരുന്നു കല്ലേറിന്റെ തുടക്കം. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്.
പകൽസമയവും കല്ലുകൾ വീഴുകയും ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടുകയും ചെയ്തതോടെയാണ് ഇവർ വാഗമൺ പോലീസിൽ പരാതി നൽകിയത്.
സിഐയുടെ നേതൃത്വത്തിൽ പോലീസ് പരിശോധനയ്ക്കെത്തി. പരിശോധന നടക്കുന്നതിനിടയിൽത്തന്നെ കല്ലേറുണ്ടായി.
വീടിനു മുകളിലും മുറ്റത്തും കല്ലുകൾ വന്നുവീണു. ഇതോടെ പോലീസും അന്പരന്നു. ആരെങ്കിലും എറിയുന്നതല്ല ഇതു മറ്റെന്തോ പ്രതിഭാസമാണെന്ന നിഗമനത്തിൽ ഏതാനും കല്ലുകൾ ശേഖരിച്ചു പോലീസ് മടങ്ങി.
ഇതിനിടെ, സംഭവം വലിയ വാർത്തയായതോടെ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജെയിംസും പഞ്ചായത്ത് അംഗങ്ങളും വീട്ടിലെത്തി.
ഇവർ വീട്ടിലുള്ളപ്പോഴും കല്ലുമഴ തുടർന്നു. കല്ലുവീഴ്ചയുടെ എണ്ണം കൂടിയതോടെ സംസ്ഥാന ഭൗമശാസ്ത്ര വിഭാഗവുമായി പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടു. ഇതോടെയാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്.
ഭൂമിക്കുള്ളിൽ ജലസമ്മർദം മൂലം ഉണ്ടാകുന്ന പ്രതിഭാസമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കഴിഞ്ഞ 23 വെള്ളിയാഴ്ച മുതൽ വീടിനുള്ളിലെ സിമിന്റ് തറ വിണ്ടുകീറിത്തുടങ്ങി.
ഇതിനുള്ളിൽനിന്നും കല്ല് മുകളിലേക്കു തെറിക്കാൻ തുടങ്ങി. ഇതോടെ വീട്ടുകാരെ പഞ്ചായത്ത് അധികൃതർ ബന്ധുവീട്ടിലേക്കു മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
ജിയോളജിസ്റ്റിനോട് അടിയന്തരമായി പ്രശ്നം പഠിച്ചു റിപ്പോർട്ട് നൽകാൻ ഭൗമശാസ്ത്ര വിഭാഗം നിർദേശിച്ചിട്ടുണ്ട്. കല്ലേറും വിണ്ടുകീറലും നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്.