ഉപ്പുതറ: പീരുമേട് ടീ കന്പനിയിൽ ചികിത്സിക്കാൻപോലും വകയില്ലാതെ നിരവധി കിടപ്പ് രോഗികൾ രോഗങ്ങളോടു മല്ലടിക്കുന്നു.
കാലവർഷം കനത്തതോടെ കൂലിപ്പണിപോലുമില്ലാതായതോടെ തൊഴിലാളികൾ മുഴുപ്പട്ടിണിയിലേക്കും നീങ്ങുകയാണ്. 2000-ൽ തോട്ടം പൂട്ടിയതോടെ ആരംഭിച്ച കഷ്ടകാലം ഇപ്പോഴും പിന്തുടരുകയാണ്.
ഉപ്പുതറ പുതുക്കട ചിട്ടിപ്പുര ലയത്തിലെ ശാന്തയാണ് (60)ചികിത്സിക്കാൻ നിവർത്തിയില്ലാതെ നരകിക്കുന്ന ഏറ്റവും ഒടുവിലത്തെ തൊഴിലാളി.
കടം വാങ്ങിയും സുമനസുകളുടെ സഹായത്താലും ഇവരുടെ രണ്ട് പെണ്മക്കളെയും വിവാഹം ചെയ്തയച്ചു.പിന്നീട് ലയത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ പണം സ്വരുക്കൂട്ടുകയായിരുന്നു.
ഇതിനിടയിൽ ശാന്തയെ വയറുവേദന പിടികൂടി. കുറെ നാൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലെത്തി.
ഇവിടെ ഒരു ഓപ്പറേഷനും നടത്തി. തിരികെ എത്തിയ ശാന്തയ്ക്കു നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കട്ടിലിൽ എഴുന്നേറ്റിരിക്കും.
ഭർത്താവ് അറുമുഖമാണ് ശാന്തയുടെ എല്ലാ കാര്യവും നോക്കുന്നത്. ലയത്തിന്റെ അറ്റകുറ്റപ്പണിക്ക് സ്വരുക്കൂട്ടിയ പണവും സുമനസുകൾ നൽകിയ പണവും ചികിത്സക്കായി ചെലവിട്ടു.
ഇപ്പോൾ നിത്യവൃത്തിക്കുപോലും വകയില്ല. കാലവർഷം ശക്തമായതോടെ അറുമുഖത്തിന് കൂലിപ്പണിയും ഇല്ലാതായി. തുടർചികിത്സ മുടങ്ങിയ ശാന്തയ്ക്ക് മരുന്നും മുടങ്ങി.
ശാന്തയെപ്പോലെ നിരവധി രോഗികളാണ് പീരുമേട് ടീ കന്പനിയിലുള്ളത്. ചിട്ടിപ്പുരയിലെ മറ്റൊരു ലയത്തിൽ താമസിക്കുന്ന ബാലൻ (68) കഴിഞ്ഞ അഞ്ചു വർഷമായി കിടപ്പിലാണ്.
വിദഗ്ധ ചികിത്സക്കു പണം ലഭിക്കാത്തതിനാൽ കട്ടിലിൽ എഴുന്നേറ്റിരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ്. മൂന്നാം ഡിവിഷനിൽ സൂപ്പർവൈസറായിരുന്ന മനുവേൽ (69) കിടപ്പിലായിട്ട് മാസങ്ങൾ കഴിഞ്ഞു.
മൂന്നാം ഡിവിഷനിലെതന്നെ ലില്ലിക്കട്ടി (70), രഗ്നമ്മ (69) എന്നിവരും രോഗം ബാധിച്ച് ബുദ്ധിമുട്ടനുഭവിക്കുകയാണ്.ലയങ്ങളിൽ താമസിക്കുന്ന കിടപ്പിലായ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിച്ചാൽ രോഗം ഭേദമാകും.
സർക്കാർ ഭാഗത്തുനിന്ന് യാതൊരു ചികിത്സാ ധനസഹായവും ലഭിക്കുന്നില്ല.പണിയെടുത്ത സമയത്തുള്ള ആനുകൂല്യവും ശന്പള കുടിശികയും കന്പനി നൽകിയിട്ടുമില്ല.
മാരക രോഗത്തിനടിമപ്പെട്ടവർ ഏതുസമയവും നിലംപൊത്താവുന്ന ലയങ്ങളിലാണ് കഴിയുന്നത്. മാറ്റിപാർപ്പിക്കാൻപോലും നടപടിയുണ്ടാകാത്തതിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.