കോട്ടയം: ജലവിതരണ പദ്ധതി പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ മീനച്ചിലാറ്റിലും കൈവഴികളിലും താൽക്കാലിക തടയണകളുടെ പണി പൂർത്തിയായി വരുന്നു. മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ അറുത്തൂട്ടി തോട്ടിൽ താൽക്കാലിക തടയണ നിർമിച്ചു. ലോറിയിൽ മണ്ണ് എത്തിച്ച് ആറ്റിൽ നിക്ഷേപിച്ചാണ് താൽക്കാലിക തടയണ നിർമിച്ചത്. മുൻ വർഷങ്ങളേക്കാൾ ഉയരത്തിലാണ് ഇക്കുറി തടയണ നിർമിച്ചത്.
അതുപോലെ മീനച്ചിലാറ്റിൽ താഴത്തങ്ങാടിയിലും തടയണ നിർമാണം ആരംഭിച്ചു. ലക്ഷങ്ങൾ ചെലവിട്ടാണ് എല്ലാ വർഷവും മീനച്ചിലാറ്റിൽ തടയണ നിർമിക്കുന്നത്. ഇതിന് പരിഹാരമായി താഴത്തങ്ങാടിക്ക് സമീപം ഷട്ടർ പാലം നിർമിക്കാനുള്ള പദ്ധതിക്ക് മേജർ ഇറിഗേഷൻ വകുപ്പ് രൂപം നല്കി അന്തിമ ഘട്ടത്തിലാണ്.
പാലത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചാലുടൻ നിർമാണം ആംരഭിക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കടൽ ജലം വേന്പനാട്ട് കായൽ വഴി വേലിയേറ്റ സമയത്ത് ആറ്റിൽ കലരുന്നതാണ് പൈപ്പ് ജലത്തിൽ ഉപ്പിന്റെ അംശം അനുഭവപ്പെടാൻ കാരണം. ഇതിന് പരിഹാരമായി വേനൽക്കാലത്ത് മീനച്ചിലാറ്റിലും കൊടൂരാറിന്റെ ചില ഭാഗങ്ങളിലും തടയണ നിർമിച്ച് ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കുകയാണ് താൽക്കാലിക തടയണ കൊണ്ട് ഉദേശിക്കുന്നത്.