ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപുരിലും മാനഭംഗത്തിനിരയായ പെൺകുട്ടിക്കു നേരേ കൊടുംക്രൂരത. ഫത്തേപുരിലെ ഹുസൈൻഹജിൽ പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു തീകൊളുത്തി. പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് മാനഭംഗപ്പെടുത്തി തീകൊളുത്തിയത്.
ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടി. കുട്ടിയെ കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെൺകുട്ടിയെ തീ കൊളുത്തിയത്.
വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ബന്ധു മാനഭംഗപ്പെടുത്തിയെന്ന് പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം.
ഡിസംബർ ആദ്യവാരം ഉത്തർപ്രദേശിലെ ഉന്നാവോയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടി കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകും വഴി പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു.