ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ എംഎൽഎയ്ക്ക് മറ്റൊരു സിപിഎം എംഎൽഎ യു. പ്രതിഭയുടെ പിന്തുണ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്, പിന്തുണ’ – എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായംകുളം എംഎൽഎ പിന്തുണ പ്രഖ്യാപിച്ചത്.
ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം വ്യക്തമാക്കുന്നത്. അൻവറിന്റേത് സത്യസന്ധമായ അഭിപ്രായമാണ്. ആഭ്യന്തരവകുപ്പിൽ എക്കാലത്തും ഒരു പവർഗ്രൂപ്പുണ്ടായിരുന്നു.
അതു പരിശോധിക്കണം. സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത് – പ്രതിഭ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു. കോൺഗ്രസിൽനിന്നു പുറത്താക്കിയ സിമി റോസ്ബെൽ ജോണിനും യു. പ്രതിഭ പിന്തുണ അറിയിച്ചു.