അന്യസംസ്ഥാനങ്ങളിൽനിന്ന് സ്വന്തം നാട്ടിൽ മടങ്ങിയെത്തിയ തൊഴിലാളികളെ അണുനാശിനി തളിച്ച് ഉത്തർപ്രദേശ് ഭരണകൂടം. ഉത്തർപ്രദേശിലെ ബറേലിയിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ റോഡിൽ നിരത്തിയിരുത്തിയശേഷം അണുനാശിനി തളിച്ചത്.
അന്യസംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികൾക്ക് യുപിയിലേക്ക് വരുന്നതിനായി സർക്കാർ ബസ് സൗകര്യം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഈ ബസിലെത്തിയ സംഘത്തിനുനേരിയായിരുന്നു ഭരണകൂടത്തിന്റെ അതിക്രമം. ഭരണകൂടത്തിന്റെ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
എന്നാൽ ക്ലോറിൻ കലക്കിയ വെള്ളമാണ് തളിച്ചതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഇത് മനുഷ്യത്വരഹിത നടപടി അല്ല. ആളുകൾ കൂട്ടമായി എത്തിയതിനാൽ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം മനുഷ്യത്വരഹിതമായ നടപടികൾ ഒഴിവാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇത്. ഈ തൊഴിലാളികൾ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും പ്രിയങ്ക ട്വിറ്റ് ചെയ്തു.