കൂരാച്ചുണ്ട്: പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയം ഉരക്കുഴി മേഖലയിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താത്തത് സന്ദർശകർക്ക് ഭീക്ഷണിയാകുന്നുവെന്ന് ആക്ഷേപം. വേനൽ അവധിയാകുമ്പോൾ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം മുന്നിൽകണ്ടാണ് ഈആവശ്യം ശക്തമായത്.
കക്കയത്ത് എത്തിച്ചേരുന്ന സന്ദർശകർക്ക് ഏറെ കൗതുകമുണർത്തുന്ന വനം വകുപ്പിന്റെ അധീനതയിലുള്ള ഉരക്കുഴിമേഖലയിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തത് അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലുള്ള ഉരക്കുഴി വ്യൂപോയിന്റിൽ നിന്നുള്ള കാഴ്ചകളാണ് സന്ദർശകരെ ഏറെ വിസ്മയിപ്പിക്കുന്നത്.
എന്നാൽ ഈ ഭാഗങ്ങളിൽ സംരക്ഷണവേലികളോ മറ്റു സുരക്ഷാസംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. ഈ കാഴ്ചകൾ വീക്ഷിക്കാനായി വനംവകുപ്പ് ഇവിടെ നിർമ്മിച്ചിട്ടുള്ള തൂക്കുപാലം വർഷങ്ങളായി പ്രവർത്തനരഹിതമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പാലത്തിന് പ്രവർത്തനാനുമതി ലഭിക്കാത്തതാണ് കാരണം.
തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയോ പുതിയപാലം സ്ഥാപിക്കുകയോ ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്. മാത്രമല്ല സന്ദർശകർക്ക് നിർദേശം നൽകാനായി ഇവിടെ നിയോഗിച്ചിട്ടുള്ള ഗൈഡുകൾക്കും യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ല. ജീവൻ പണയംവെച്ചാണിവർ ജോലി നിർവ്വഹിച്ചു വരുന്നത്.
ഈ മേഖലകളിൽ മൊബൈൽ നെറ്റ് വർക്കുകൾ ലഭ്യമല്ലാത്തതും ഏറെ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന ഡാംസൈറ്റ് റോഡിലെ വൻഗർത്തങ്ങളുള്ള ഭാഗത്തെ നിരവധി സ്ഥലങ്ങളിൽ റോഡിന്റെ കരിങ്കൽകെട്ടുകൾ തകർന്നിട്ടും ഇവിടങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തതും വേലികൾ നിർമിക്കാത്തതും സന്ദർശകർക്ക് ഭീക്ഷണിയായിട്ടുണ്ട്.
അപകട സാധ്യതകൾ ഉയർത്തുന്ന മേഖലകളിൽ അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് കക്കയം വാർഡ് മെംബർ ആൻഡ്രൂസ് കട്ടിക്കാന ആവശ്യപ്പെട്ടു.