കൊച്ചി: പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഉൗരാളി എക്സ്പ്രസിന്റെ രണ്ടാംഘട്ട യാത്ര വടക്കൻ കേരളത്തിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്തെ സംഗീത പരിപാടിയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ഫോർട്ട്കൊച്ചിയിലെ പ്രധാന ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിൽനിന്ന് ജനുവരി 14നാണ് ഉൗരാളി എക്സപ്രസ് യാത്രതിരിച്ചത്.
പത്തു പേരടങ്ങുന്ന ഉൗരാളി എക്സപ്രസ് വടക്കൻ കേരളത്തിലെ സന്ദർശനം കഴിഞ്ഞ് തൃശൂർ ജില്ലയിൽ പര്യടനം നടത്തും. പിന്നീട് എറണാകുളത്ത് സമാപിക്കും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫോർട്ട്കൊച്ചിയിൽനിന്നു തിരിച്ച യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സന്ദർശനം നടത്തിയതിനുശേഷം പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വടക്കൻ കേരളത്തിലേക്ക് യാത്രയായത്.
സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടൽ നടത്തിക്കൊണ്ടുള്ള ഗാനങ്ങൾ കൊണ്ട് പ്രശസ്തമാണ് ഉൗരാളി സംഗീത സംഘം. സന്ദർശിച്ച എല്ലാ സ്ഥലങ്ങളിലും ഉൗരാളി സംഘം മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ താമസിക്കുകയും ചെയ്തിരുന്നു. താനൂരിലെ പരിപാടിയ്ക്കുശേഷം പൊന്നാനി/പരപ്പനങ്ങാടി, കൊടുങ്ങല്ലൂർ, ചാവക്കാട്, ഞാറയ്ക്കൽ എന്നിങ്ങനെയാണ് ഉൗരാളി എക്സ്പ്രസിന്റെ സന്ദർശന പരിപാടികൾ.
അന്യതയിൽനിന്നും അന്യോന്യതയിലേക്കെന്ന ബിനാലെ പ്രമേയത്തിന് തികച്ചും അനുയോജ്യമാണ് ഉൗരാളി എക്സ്പ്രസിന്റെ യാത്രയെന്ന് കൊച്ചി-മുസിരിസ് ബിനാലെ ക്യൂറേറ്റർ അനിത ദുബെ പറഞ്ഞു. തൃശൂരിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യബസ് വാങ്ങിയാണ് ഉൗരാളി എക്സ്പ്രസ് തയാർ ചെയ്തത്. സംഗീതോപകരണങ്ങളുമായി ഇതിലാണ് സംഘത്തിന്റെ യാത്ര. കൊച്ചി-മുസിരിസ് ബിനാലെയുടെ അവസാന നാളുകളിൽ ഉൗരാളിയുടെ സംഗീത പ്രദർശനവുമുണ്ടായിരിക്കും.