തളിപ്പറമ്പ്: നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ വര്‍ഷങ്ങളായി ഒരേ അളവില്‍ ശുദ്ധമായ കുടിവെള്ളം ചുരത്തുന്ന മാവുഞ്ചാല്‍ നീരുറവ അത്ഭുതമാവുന്നു. പരിയാരം പഞ്ചായത്തിലെ മാവിച്ചേരി ഗ്രാമത്തിലുള്ള ഈ നീരുറവ ഓര്മകളിലൊരിക്കലും വറ്റിയിട്ടില്ലെന്ന് പ്രദേശത്തെ പ്രായമായവര്‍ പറയുന്നു. മാവിച്ചേരി ജുമാ മസ്ജിദിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നീരുറവ സ്ഥിതിചെയ്യുന്നത്.
എന്നാല്‍ വെള്ളം ശേഖരിക്കുന്നതില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. സമീപവാസികളായ അഞ്ചോളം കുടുംബങ്ങള്‍ പൈപ്പ് വഴി ഇവിടെ നിന്നും വെള്ളം വീടുകളിലെത്തിക്കുന്നുണ്ട്. എത്ര വെള്ളം കോരിയെടുത്താലും അളവില്‍ ഒരു തുള്ളിപോലും കുറയില്ലെന്നതാണ് ഈ ജലശേഖരത്തിന്റെ പ്രത്യേകത. ഗ്രാമത്തിന് ദൈവം നല്കിയ അനുഗ്രമാണ് ഈ നീരുറവയെന്നാണ് നാട്ടുകാര്‍ പറയുന്നത്.